District News
വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ പട്ടയ മേള നവംബർ രണ്ടിന് നടക്കും. തലയാഴം, ടി വിപുരം, മറവൻതുരുത്ത്, വെള്ളൂർ, കല്ലറ പഞ്ചായത്തുകളിലെ വില്ലേജുകളിൽപ്പെട്ട 40 ഗുണഭോക്താക്കൾക്കാണ് പട്ടയം നൽകുന്നത്.
വൈക്കം ടിവിപുരം ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിൽ ഐടിഡിപിയുടെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന് വിട്ടുനൽകിയതിനു ശേഷം 35 പ്ലോട്ടുകളിൽ ഐടിഡിപിയിൽനിന്നു നേരിട്ട് ഭൂമി ലഭ്യമായ 24 ഗുണഭോക്താക്കൾക്ക് 2024ൽ ടിവിപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി കെ. രാജൻ പട്ടയം നൽകിയിരുന്നു.
വസ്തു കൈമാറി ലഭിച്ച 11 ഗുണഭോക്താകളിൽ അർഹരായ ഏഴു പേർക്ക് നവംബർ രണ്ടിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന വൈക്കം നിയോജകമണ്ഡലത്തിന്റെ പട്ടയമേളയിൽ മന്ത്രി കെ. രാജൻ പട്ടയം വിതരണം ചെയ്യുമെന്ന് സി.കെ. ആശ എം എൽ എ അറിയിച്ചു.
District News
വൈക്കം: കല്ലറ, തലയാഴം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാക്കേത്തറ-കപിക്കാട് റോഡ് ടെൻഡര് ചെയ്തതായി സി.കെ. ആശ എംഎല്എ അറിയിച്ചു. നിര്മാണ പ്രവൃത്തികള്ക്കായി കിഫ്ബിയില്നിന്ന് 25.02 കോടി രൂപയുടെ അന്തിമ സാമ്പത്തികാനുമതി ലഭിച്ചിരുന്നു.
2024 മാര്ച്ചില് റോഡ് നിര്മാണത്തിനായി ആദ്യഘട്ടത്തില് കിഫ്ബിയില്നിന്ന് 19.64 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല് വാക്കേത്തറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങള് മൂലം റോഡ് നിര്മാണം നീണ്ടു. തുടര്ന്ന് കിഫ്ബി-കെആര്എഫ്ബി ഉന്നത ഉദ്യോഗസ്ഥ തലത്തില് എംഎല്എ യോഗം വിളിച്ചു പ്രശ്നങ്ങള് പരിഹരിച്ചു പുതുക്കിയ ഡിസൈനിലെ അപ്രോച്ച് റോഡ് നിര്മാണമടക്കം ഉള്ക്കൊള്ളിച്ചാണ് 25.02 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി നേടിയെടുത്തത്.
വാക്കേത്തറ-കപിക്കാട് റോഡുമായി ബന്ധപ്പെട്ട് കെവി കനാലിനു കുറുകെ നിർമിച്ച കുത്തനെയുള്ള പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ ശ്രമകരമായതിനാൽ സമീപന റോഡിന്റെ ഡിസൈൻ മാറ്റിയാണ് ഇനി നിർമാണം നടത്തുന്നത്. കല്ലറ-കപിക്കാട്-വാക്കേത്തറ റോഡ് ഭൂമി ഏറ്റെടുക്കൽ സാങ്കേതിക പ്രശ്നങ്ങളെത്തുടര്ന്ന് തടസപ്പെട്ടിരുന്നു. വിഷയത്തില് സി.കെ.ആശ എംഎല്എയുടെ നിരന്തരമായ ഇടപെടലിനെത്തുടര്ന്ന് ഭൂമി ഏറ്റെടുക്കല് അപ്രായോഗികമാണെന്ന് കണ്ടെത്തിയ തോട്ടകം-വാക്കേത്തറ, കല്ലറ-കപിക്കാട് റീച്ചുകള് ഒഴിവാക്കി വാക്കേത്തറ-കപിക്കാട് റോഡ് മെച്ചപ്പെടുത്തലെന്നു പേരു മാറ്റിയാണ് പദ്ധതി മുന്നോട്ടുപോയത്.
കേരള റോഡ് ഫണ്ട് ബോര്ഡ് (കെആര്എഫ്ബി) സമര്പ്പിച്ച വിശദമായ നിര്ദേശങ്ങള്ക്കനുസരിച്ച് 5.775 കിലോമീറ്റര് നീളത്തിലും 3.80 മീറ്റര് ടാറിംഗും സൈഡ് കോണ്ക്രീറ്റിംഗ് അടക്കം 5.80 മീറ്റര് വീതിയിലുമായി ഉന്നത നിലവാരത്തിലുള്ള റോഡ് നിര്മാണത്തിനാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. കെആര്എഫ്ബി ഡെപ്പോസിറ്റ് വര്ക്ക് എന്ന രീതിയിലായിരിക്കും റോഡിന്റെ നിര്മാണ നിര്വഹണം.
നിര്മാണം പൂര്ത്തീകരിക്കുന്നതോടെ ഒരു പ്രദേശത്തെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും. ടെൻഡര് നടപടികള് പൂര്ത്തിയാക്കി റോഡു നിര്മാണം ഉടന് ആരംഭിക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് സി.കെ. ആശ എംഎല്എ അറിയിച്ചു. ടെൻഡര് നടപടികള് പൂര്ത്തീകരിച്ച് കോണ്ട്രാക്ട് എഗ്രിമെന്റ് നടപ്പാക്കി ഉടന്തന്നെ റോഡ് നിര്മണം ആരംഭിക്കുമെന്നും എംഎല്എ അറിയിച്ചു.
District News
വെള്ളൂർ: മൂന്നുകോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വെള്ളൂർ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം ഓൺലൈനിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ഫ്ലഡ്ലിറ്റ് സൗകര്യങ്ങളോടു കൂടിയ ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഓപ്പൺ ജിം , ഡ്രസ് ചേഞ്ചിംഗ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയോടെ ആധുനിക നിലവാരത്തിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.
സി.കെ. ആശ എംഎൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്കർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ലൂക്ക് മാത്യു, ആർ. നികിതകുമാർ, പഞ്ചായത്തംഗങ്ങൾ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എൻജിനിയർ എസ്. മനോജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സംഗമം, ജോസ്കോ ക്ലബ്ബുകളിലെ കായിക താരങ്ങളെ യോഗത്തിൽ ആദരിച്ചു.
District News
കടുത്തുരുത്തി: റോഡു നിര്മാണം നടക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള് വഴി തിരിഞ്ഞുപോകുന്ന ഭാഗത്ത് സാമൂഹ്യവിരുദ്ധന് റോഡരികില് കമ്പികള് അടിച്ചു താഴ്ത്തി വച്ചിരിക്കുന്നത് അപകടഭീഷിണി ഉയര്ത്തുന്നു. വളവ് തിരിഞ്ഞ് വാഹനങ്ങള് കയറിപോകുന്ന ഭാഗത്താണ് കമ്പികള് അടിച്ചുവച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളുടെ ടയറുകള് കമ്പിയില് തുളച്ചു കയറി കീറി നശിച്ചതായി യാത്രക്കാര് പരാതി പറയുന്നു.
മങ്ങാട് കുരിശുപള്ളിക്കു സമീപം കലുങ്ക് നിര്മാണം നടക്കുന്നതിനിലാണ് പെരുവ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള് മങ്ങാട് കവലയില്നിന്നു മങ്ങാട്ടുനിരപ്പ് റോഡിലൂടെ കയറി കടുത്തുരുത്തിയിലേക്ക് പോകുന്നത്. ഈ വഴിക്ക് എസ് ആകൃതിയിലുള്ള വളവുണ്ട്. ഈ വളവിലാണ് സാമൂഹ്യവിരുദ്ധന് കനമുള്ള നിരവധി കമ്പികള് അടിച്ചുതാഴ്ത്തി വച്ചിരിക്കുന്നത്. വാഹനങ്ങള് വളവ് തിരിയുമ്പോള് പുരയിടത്തിന്റെ സൈഡില് ഇടിക്കാതിരിക്കാനാണത്രെ ഇയാള് കമ്പികള് കുത്തിവച്ചിരിക്കുന്നതെന്നു നാട്ടുകാര് പറയുന്നു.
രാത്രിയില് ഉള്പ്പെടെ വാഹനങ്ങൾ കടന്നുപോകുമ്പോള് പഞ്ചാറാകാനും യാത്രക്കാര് അപകടത്തില്പ്പെടാനും ഇതു കാരണമാവുകയാണെന്ന് നാട്ടുകാര് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നത്തിൽ അധികൃതര് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കരുടെയും ആവശ്യം.
District News
കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര് തെക്കുംപുറം പാടശേഖരത്തില് താത്കാലിക ബണ്ട് നിര്മാണം തുടങ്ങി. തോടിന്റെ ആഴം വര്ധിപ്പിക്കുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ചെളി കോരിയതോടെ പാടശേഖരത്തിന്റെ പുറംബണ്ടിന്റെ കല്ക്കെട്ട് തകര്ന്ന ഭാഗത്ത് തെങ്ങിന്റെഏരി താഴ്ത്തി താത്കാലികമായി പുറംബണ്ടിന് സംരക്ഷണമൊരുക്കുന്ന ജോലികളാണ് ആരംഭിച്ചത്.
കടുത്തുരുത്തി പഞ്ചായത്ത് 19-ാം വാര്ഡിലെ 200 ഏക്കര് വരുന്ന മാന്നാര് തെക്കുംപുറം പാടശേഖരത്തിന്റെ പുറംബണ്ടാണ് അധികൃതരുടെ അനാസ്ഥയെത്തുടര്ന്ന് തകര്ന്നത്. പുഞ്ചകൃഷിയുടെ വിത നടത്താനായി ഒരുക്കിയിട്ടിരുന്ന പാടശേഖരത്തിന്റെ പുറംബണ്ടാണ് പലയിടത്തായി തകര്ന്നത്. ബ്ലോക്ക് പഞ്ചായത്തില്നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് കാന്താരികടവ് പാലം മുതല് താഴോട്ട് തോടിന് ആഴം വര്ധിപ്പിച്ചത്.
കല്ക്കെട്ടിനു സമീപത്തുനിന്ന് ആഴത്തില് ചെളി കോരി നീക്കി ബണ്ടില് വച്ചതോടെ കല്ക്കെട്ട് ഇടിഞ്ഞുതാഴുകയായിരുന്നു. പല സ്ഥലത്തായി കല്ക്കെട്ടും ബണ്ടും തോട്ടിലേക്കു പതിച്ചു. പലഭാഗത്തും ബണ്ടിന് ബലക്ഷയവും ഉണ്ടായിട്ടുണ്ട്. തോടിന്റെ ആഴം കൂട്ടല് പൂര്ത്തിയായതുമില്ല. കുട്ടനാട് പാക്കേജില്പ്പെടുത്തിയും മറ്റ് പദ്ധതികളിലായും മുമ്പ് അഞ്ചു തവണ തോട് താഴ്ത്തിയിടത്താണ് ഇപ്പോള് വീണ്ടും തോട് താഴ്ത്തിയതെന്നും ഇതാണ് കല്ക്കെട്ടും ബണ്ടും തകരാന് കാരണമായതെന്നും കര്ഷകര് ആരോപിക്കുന്നു.
കര്ഷകരോട് ആലോചിക്കാതെയാണ് ഈ രംഗത്ത് പരിചയമില്ലാത്ത ഉദ്യോഗസ്ഥര് തോട് താഴ്ത്തിയതെന്നു കര്ഷകര്ക്ക് പരാതിയുണ്ട്. ബണ്ട് തകര്ന്ന സംഭവത്തില് വ്യാപക പരാതി ഉയര്ന്നതോടെ കരാറുകാരനും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പണം മുടക്കിയാണ് ഇപ്പോല് ബണ്ടിന് താത്കാലിക സംരക്ഷണമൊരുക്കുന്ന പണികള് നടത്തുന്നത്. തോട്ടില്നിന്ന് ആഴത്തില് യന്ത്രം ഉപയോഗിച്ച് അനിയന്ത്രിതമായി ചെളി വാരിയെടുത്താല് കല്ക്കെട്ടും ബണ്ടും തകരുമെന്ന സാമാന്യബോധംപോലും നിര്വഹണ ഉദ്യോഗസ്ഥര്ക്കുണ്ടായില്ലെന്നാണ് കര്ഷകരുടെ ആക്ഷേപം. ബണ്ട് തകരാനിടയാക്കിയ സാഹചര്യത്തക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികള്ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് കര്ഷകരുടെ ആവശ്യം.
District News
കടുത്തുരുത്തി: ഞീഴൂര് പഞ്ചായത്തു പരിധിയില് വരുന്ന മരങ്ങോലി ഗവണ്മെന്റ് എല്പി സ്കൂളിന് പുതിയ കെട്ടിടം നിര്മിക്കാൻ സംസ്ഥാന സര്ക്കാര് 1.20 കോടി രൂപയുടെ അനുമതി നല്കിയതായി മോന്സ് ജോസഫ് എംഎല്എ.
നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തില്നിന്ന് നിര്ദേശിച്ച പദ്ധതി അംഗീകരിച്ചുകൊണ്ടാണ് ഭരണാനുമതി നല്കിയത്.
തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡ് ബിഎം ആൻഡ് ബിസി ഹൈടെക് നിലവാരത്തില് നവീകരിക്കുന്നതിന് 5.80 കോടി രൂപ സര്ക്കാര് അനുവദിച്ചതായും എംഎല്എ അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തില് നടന്ന നവകേരള സദസിന്റെ ഭാഗമായി സര്ക്കാര് അംഗീകരിച്ച രണ്ടാമത്തെ പ്രോജക്റ്റായിട്ടാണ് ഇത് ഉള്പ്പെടുത്തിയിട്ടുള്ളത്.
രണ്ട് പദ്ധതികളിലായി ഏഴു കോടി രൂപയുടെ ഭരണാനുമതിയാണ് സര്ക്കാര് നല്കിയിട്ടുള്ളത്. രണ്ട് വികസന പദ്ധതികളും പ്രാവര്ത്തികമാക്കുന്നതിന് പിഡബ്ല്യുഡി റോഡ്സ് വിഭാഗവും ബില്ഡിംഗ്സ് വിഭാഗവും തുടര്നടപടികള്ക്ക് തുടക്കംകുറിച്ചു.
പ്രോജക്ടുകള് സംബന്ധിച്ച് മോന്സ് ജോസഫിന്റെ നേതൃത്വത്തില് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്. ബാലഗോപാലുമായി നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തിലാണ് രണ്ട് പദ്ധതികള്ക്കും സര്ക്കാര് അനുമതി നല്കിയത്.
District News
കടുത്തുരുത്തി: തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് റെയില്വേ സ്റ്റേഷനില് സ്റ്റോപ്പ് അനുവദിച്ചു. ഇതു സംബന്ധിച്ചു റെയില്വേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിര്ദേശപ്രകാരമാണ് വൈക്കം റോഡില് സ്റ്റോപ്പ് അനുവദിച്ചത്.
കേന്ദ്രമന്ത്രി ജോര്ജ് കുര്യന്, കേന്ദ്ര റെയില്വേ മന്ത്രിയുമായി നടത്തിയ ചര്ച്ചയെത്തുടര്ന്നാണ് വൈക്കം റോഡില് സ്റ്റോപ്പ് അനുവദിക്കാന് സാഹചര്യം ഉണ്ടായതെന്ന് മോന്സ് ജോസഫ് എംഎല്എ അറിയിച്ചു. വൈക്കം റോഡില് എക്സ്പ്രസ് ട്രെയിനുകള്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച് ഫ്രാന്സിസ് ജോര്ജ് എംപിയും കേന്ദ്ര റെയില്വേ മന്ത്രിക്ക് നിവേദനം നല്കിയിരുന്നു.
ദീര്ഘകാലമായി ജനങ്ങള് ഉന്നയിക്കുന്ന ആവശ്യം കണക്കിലെടുത്ത് വൈക്കം റോഡില് പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയില്വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനും ഇതിനായി ഇടപെടല് നടത്തിയ കേന്ദ്രമന്ത്രി ജോര്ജ് കുര്യനും ഫ്രാന്സിസ് ജോര്ജ് എംപിക്കും കടുത്തുരുത്തി, ആപ്പാഞ്ചിറ പൗരാവലിയുടെ അഭിനന്ദനങ്ങളും നന്ദിയും മോന്സ് ജോസഫ് എംഎല്എ അറിയിച്ചു.
District News
ഡോക്ടറെ കാണാൻ ഒപിയുടെ തലേദിവസം ആശുപത്രിയിൽ എത്തേണ്ട അവസ്ഥ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റൂമറ്റോളജി വിഭാഗം ഒപിയിൽ ചികിത്സയ്ക്കെത്തുന്ന വാതരോഗികൾ ദുരിതത്തിൽ. ഡോക്ടർമാരുടെ കുറവാണ് റുമറ്റോളജി വിഭാഗം നേരിടുന്ന പ്രധാന പ്രശ്നം. നിലവിൽ ഒരു ഡോക്ടറും രണ്ട് ഹൗസ് സർജന്മാരുമാണ് ഈ വിഭാഗത്തിലുള്ളത്. ഡോക്ടർമാരുടെ കുറവുമൂലം ഒപി ദിവസം 100 രോഗികൾക്കു മാത്രമാണ് ഒപി ടിക്കറ്റ് നൽകുന്നത്. ഓൺലൈനായി 50 രോഗികൾക്ക് ഒപിയിൽ ഡോക്ടറെ കാണുന്നതിന് ബുക്ക് ചെയ്യാം. 50 പേർക്ക് ആശുപത്രിയിൽ ഒപി ദിവസം നേരിട്ടെത്തിയും ഒപി ടിക്കറ്റെടുക്കാവുന്നതാണ്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒപിയുള്ളത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള രോഗികൾ റൂമറ്റോളജി വിഭാഗത്തിൽ ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിലെത്തി ടിക്കറ്റ് നേരിട്ടെടുക്കേണ്ട രോഗികൾ ഒപി ദിവസത്തിനുതലേന്ന് ആശുപത്രിയിലെത്തി ഒപി ടിക്കറ്റ് കൗണ്ടറിന് സമീപം തങ്ങുകയാണ് ചെയ്യുന്നത്. ഒപി ദിവസം രാവിലെ എഴു മണിക്ക് റൂമറ്റോളജി വിഭാഗത്തിലേക്കുള്ള രോഗികൾക്ക് ടോക്കൺ കൊടുക്കാൻ തുടങ്ങും. ഈ ടോക്കണുമായി ഒപി കൗണ്ടറിലെത്തി ചീട്ടെടുക്കണം.
ആദ്യടോക്കൺ കിട്ടാൻ രോഗികൾ തലേന്നുതന്നെ ആശുപതിയിലെത്തുന്നു. ആദ്യമെത്തുന്നവർ ഒപിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇവരുടെ ബാഗ് വച്ച് നിര പിടിക്കും. പിന്നീട് വരുന്നവർ ഈ ബാഗിന് പിന്നിൽ ബാഗു വച്ചാണ് നിരപിടിക്കുന്നത്. കഴിഞ്ഞ ഒപി ദിവസം ഡോക്ടറെ കാണാൻ അതിനു തലേന്നു രാവിലെതന്നെ രോഗികൾ എത്തിയിരുന്നു. എന്നാൽ, ആദ്യ ബാഗ് വച്ച് നിര പിടിച്ചയാളുടെ മുന്നിൽ കയറ്റി മറ്റൊരു രോഗി ബാഗ് വച്ചത് രോഗികൾ തമ്മിൽ വാക്കേറ്റത്തിനു കാരണമായി.
പ്രശ്നം സംഘർഷാവസ്ഥയിലെത്തും മുമ്പേ ആശുപത്രിയിലെ സാർജന്റ് എത്തി പരിഹരിച്ചു.
റൂമറ്റോളജി വിഭാഗത്തിൽ ഡോക്ടർമാർ കുറവായതാണ് രോഗികൾ ഒപിയുടെ തലേന്നു തന്നെ എത്തേണ്ടി വരുന്നതിനും സാമ്പത്തിക നഷ്ടമടക്കമുള്ള ദുരിതം നേരിടുന്നതിനും കാരണം. ടോക്കൺ കിട്ടാത്തവർക്ക് ഡോക്ടറെ കാണാതെ തിരിച്ചുപോകേണ്ടിയും വരുന്നു.
District News
കോട്ടയം: സ്വരുമ പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമായ സ്വരുമ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം നവംബര് ഒന്നിനു നടക്കും. വൈകുന്നേരം നാലിനു കഞ്ഞിക്കുഴിയിലെ കേരള കാത്തലിക് ട്രസ്റ്റ് കെട്ടിടത്തില് പ്രവര്ത്തിക്കുന്ന സ്വരുമ കെയർ ഓഫീസില് നടക്കുന്ന ചടങ്ങില് ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല് നിര്വഹിക്കും. ഡയാലിസിസ് രോഗികള്ക്കുള്ള മരുന്ന്, ഡയാലിസിസ് കിറ്റ് വിതരണം എന്നിവ നൽകുന്ന ജീവധാര പദ്ധതിയുടെ പ്രവര്ത്തനോദ്ഘാടനം നടക്കും.
നഗരസഭാ ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യന് അധ്യക്ഷ വഹിക്കും. കാത്തലിക് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് മൈക്കിള് കള്ളിവയലില്, സ്വരുമ ചാരിറ്റബിള് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സഖറിയ ഏബ്രഹാം ഞാവള്ളില്, വാര്ഡ് കൗണ്സിലര്മാരായ അജിത്ത് പൂഴത്തിറ, ജിബി ജോണ്, പി.ഡി. സുരേഷ് എന്നിവര് പ്രസംഗിക്കും.
ഈ ഡ്രസ് ബാങ്കിലേക്ക് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗുണമേന്മയുള്ള വസ്ത്രങ്ങള് ശേഖരിക്കും. അവ പൊതുജനങ്ങള്ക്കു മിതമായ നിരക്കില് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്നതുമാണ്. ഡ്രസ് ബാങ്കില്നിന്നു ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് പ്രവര്ത്തനങ്ങള്ക്കാണ് ഉപയോഗിക്കുന്നത്.
2016 മുതല് കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്ത്തിക്കുന്ന രജിസ്റ്റേര്ഡ് സൊസൈറ്റിയാണ് സ്വരുമ ചാരിറ്റബിള് സൊസൈറ്റി. നിലവില് പാലിയേറ്റീവ് ഹോം കെയറിനോടൊപ്പം വൃക്കരോഗികള്ക്കായുള്ള ജീവധാരാ പദ്ധതി, ഫിസിയോതെറാപ്പി, സൈക്യാട്രി ഒപി, കൗണ്സലിംഗ്, വിശപ്പുരഹിത ആഘോഷങ്ങള്ക്കായുള്ള ഫുഡ് കിറ്റ് വിതരണം, കിടപ്പുരോഗികളുടെ ആവശ്യത്തിനുള്ള വിവിധങ്ങളായ സഹായ ഉപകരണങ്ങളുടെ വിതരണം, മരുന്നുവിതരണം, വിദ്യാഭ്യാസ സഹായം എന്നിവയും നല്കുന്നുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അര്ഹരായ സാമ്പത്തികബാധ്യതയുള്ള രോഗികള്ക്ക് ചികിത്സാച്ചെലവിനുള്ള സഹായവും നൽകുന്നുണ്ട്.
കോട്ടയത്ത് അഞ്ചാമത് യൂണിറ്റായാണ് സ്വരുമ പാലിയേറ്റീവ് കെയര് പ്രവര്ത്തനം തുടങ്ങിയത് മുനിസിപ്പാലിറ്റിയുടെയും സമീപ പഞ്ചായത്തുകളുടെയും കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ 480ലധികം കിടപ്പുരോഗികള്ക്ക് സ്ഥിരമായി സൗജന്യ നഴ്സിംഗ്, ഫിസിയോതെറാപ്പി പരിചരണങ്ങള് വീടുകളിലെത്തി നല്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ സ്വരുമ ചാരിറ്റബിള് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സഖറിയ ഏബ്രഹാം ഞാവള്ളില്, സ്വരുമ പാലിയേറ്റീവ് കെയര് സെക്രട്ടറി ജോസഫ് കുത്തുകല്ലുങ്കല്, പ്രസിഡന്റ് ഏബ്രഹാം കടമപ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നകുമാര്, സ്വരുമ ഡ്രസ് ബാങ്ക് കണ്വീനര് ഡെയ്സി പോള്, സ്വരുമ പാലിയേറ്റിവ് കെയര് അസിസ്റ്റന്റ് സെക്രട്ടറി സാജന് ജോസഫ് എന്നിവര് പങ്കെടുത്തു.
District News
ചങ്ങനാശേരി: മാര് തോമസ് തറയില് ചങ്ങനാശേരി മെത്രാപ്പോലീത്തയായി സ്ഥാനമേറ്റിട്ട് നാളെ ഒരു വര്ഷം. 2024 ഒക്ടോബര് 31നാണ് മാര് തോമസ് തറയില് സ്ഥാനമേറ്റത്. മാര് ജോസഫ് പെരുന്തോട്ടം ആര്ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്ന്നാണ് മാര് തോമസ് തറയില് സ്ഥാനമേറ്റത്.
സീറോമലബാര് മീഡിയ കമ്മീഷന് ചെയര്മാന്, വടവാതൂര് സെമിനാരി കമ്മീഷന് ചെയര്മാന്, കെസിബിസി വൊക്കേഷന് കമ്മീഷന് ചെയര്മാന്, സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് കണ്വീനര്, സീറോമലബാര് ആരാധനക്രമ കമ്മീഷന്, സിബിസിഐ പരിസ്ഥിതി കമ്മീഷന്, സിബിസിഐ കമ്മീഷന് ഫോര് ഹെല്ത്ത് എന്നിവയുടെ അംഗം എന്നീ നിലകളിലും പ്രവര്ത്തിക്കുന്നു.
നാളെ രാവിലെ 6.30ന് മാര് തോമസ് തറയില് ഫാത്തിമാപുരം അല്ഫോന്സാ സ്നേഹനിവാസില് വിശുദ്ധകുര്ബാനയര്പ്പിക്കും.
District News
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽനിന്ന് മോഷണം പോയ വാഹനം തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്. പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ പേരൂർ കവലയിൽ പ്രവർത്തിക്കുന്ന അഞ്ജലി ട്രേഡേഴ്സിന്റെ കോമ്പൗണ്ടിനുള്ളിൽനിന്ന് 27നു രാത്രി മോഷണംപോയ ബഡാദോസ്ത് പിക്കപ്പ് വാനാണ് ഇന്നലെ തമിഴ്നാട്ടിൽനിന്ന് വീണ്ടെടുത്തത്. പ്രതി ഒഡീഷ സ്വദേശി രത്നകാർ പദ്ര(24)യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
27ന് രാത്രി എട്ടിനു ശേഷമാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. 28ന് വെളുപ്പിന് പരാതി ലഭിച്ചയുടൻ പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശമയയ്ക്കുകയും പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞുവച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു.
ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസിലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഖിൽദേവ്, റെജിമോൻ, എഎസ്ഐ ഗിരീഷ് കുമാർ, സിപിഒമാരായ സാബു, അജിത്ത് എം. വിജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
District News
നേമം : വികസനം സാധ്യമാകണമെങ്കില് ഒരേ മനസോടെ പ്രവര്ത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കരമനയാറിന്റെ തീരത്തെ ആഴാങ്കാല് നടപ്പാതയുടെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി.ശിവന്കുട്ടി അധ്യക്ഷനായി. മേയര് ആര്യാ രജേന്ദ്രന്, ഡെപ്യൂട്ടി മേയര് പി.കെ. രാജു, കരമന ഹരി തുടങ്ങിയവര് പങ്കെടുത്തു.
നവീന രീതിയില് ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോടിണങ്ങിയ നടപ്പാത നാട്ടുകാര്ക്ക് വിനോദത്തിനും വിശ്രമത്തിനും വ്യായാമത്തിനുമായി പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് നിര്മിച്ചിരിക്കുന്നത്.ഇറിഗേഷന് വകുപ്പ്, സ്മാര്ട്ട് സിറ്റി, കോര്പ്പറേഷന് എന്നിവർ സംയുക്തമായാണ് പദ്ധതി പൂർ ത്തീ കരിച്ചത്. ചടങ്ങിൽ ഉദ്യോഗസ്ഥരെ ആദരിച്ചു. തുടർന്നു കൗണ്സിലര്മാരും കോര്പ്പറേഷന് ജീവനക്കാരും തമ്മില് സൗഹൃദ ഫുട്ബോള് മത്സരവും നടന്നു.
District News
നെടുമങ്ങാട്: ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു യുവാക്കളെ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. വെള്ളനാട് ചാങ്ങ കലുങ്ക് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് മൂന്നു കിലോഗ്രാം കഞ്ചാവുമായി കൊണ്ണിയൂർ സിയോൺ വിളയിൽ സുജിത്ത് (21), കൊണ്ണിയൂർ പച്ചക്കാട് അശ്വതി ഭവനിൽ ആനന്ദ് (26 ) എന്നിവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു. വലിയ അളവിൽ കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കിയശേഷം ബൈക്കിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരാണ് ആവശ്യം അനുസരിച്ചു പ്രതികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് പ്രതികളിൽനിന്നു ലഭിച്ച പ്രാഥമിക വിവരം. ഒന്നാം പ്രതി സുജിത്തിന്റെ പേരിൽ നേരത്തെയും മയക്കുമരുന്നു കേസുകളുണ്ട്.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചുള്ള തുടർ അന്വേഷണത്തിനു സുജിത്തിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്യനാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എസ്. കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. രഞ്ജിത്ത്, എസ്. ജയശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ എ. ശ്രീകുമാർ, എം.പി. ശ്രീകാന്ത്, ലിജി ശിവരാജ്, ജെ. മഞ്ജുഷ, എ. നിഷാന്ത്, അഖിൽ എന്നിവരും പങ്കെടുത്തു.
District News
വെള്ളറട: വിഷക്കൂണ് കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോഹനന്കാണിയുടെ വീട്ടിൽ കവർച്ച നടത്തിയ രണ്ടംഘ സംഘം പിടിയിൽ.കാരിക്കുഴി കിഴക്കേ അരികത്ത് തടത്തരികത്തു വീട്ടില് കുക്കു എന്ന ടോണി (41), പറത്തി തടത്തരികത്ത് വീട് കാരിക്കുഴിയില് ലിനു (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഹനന്കാണിയുടെ വീട്ടില്നിന്ന് 45 കിലോ റബർ ഷീറ്റും 30 കിലോ ഒട്ടുപാലും രണ്ടു ചാക്ക് അടക്കയ്ക്കയുമാണ് കവർച്ചപോയത്. മൂന്നാമന് പാച്ചന് എന്ന റെജി (48) ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
സര്ക്കിള് ഇന്സ്പക്ടര് ശ്രീകുമാരന് നായര്, എസ്ഐ. സുരേഷ്, എഎസ്ഐ. അനില്കുമാര്, സിപിഓമാരായ രാഹുല്, ദീപു, വിഷ്ണു അടങ്ങുന്ന സംഘമാണ് വനത്തിനുള്ളില് ഒളിച്ചു കഴിഞ്ഞിരുന്ന രണ്ടംഗ സംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
പാറശാല: പാറശാല താലൂക്ക് ആശുപത്രിയിലെ മള്ട്ടി സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്നലെ രണ്ട് മാസം തികഞ്ഞിട്ടും ഇതുവരെ മൾട്ടി സ്പെഷാലിറ്റി യൂണിറ്റുകൾ തുറന്നില്ലെന്ന് ആക്ഷേപം. ട്രോമ കെയര്, കാഷ്വാലിറ്റി, നാല് ഓപ്പറേഷന് തിയേറ്ററുകള്, ഡയാലിസിസ് യൂണിറ്റ്, സ്കാനിംഗ്, ഫാര്മസി, ലാബ് തുടങ്ങി ഏഴ് സ്പെഷാലിറ്റികള് പുതിയ ബ്ലോക്കില് തുടങ്ങുന്നു എന്നു പറഞ്ഞായിരന്നു ഉദ്ഘാടനം നടന്നത്. ദിവസേന ആശുപത്രിയില് എത്തുന്ന നൂറുകണക്കിനു രോഗികള് ഇന്നും ദുരിതത്തിലാണ്.
അഡ്മിഷന് രോഗികള് നിലത്ത് കിടക്കുന്ന അവസ്ഥയിലാണ്. യൂത്ത് കോണ്ഗ്രസിന്റെ നാലാം ഘട്ട പ്രതിഷേധമാണ് ഇന്നലെ നടന്നത്. യൂത്ത് കോണ്ഗ്രസ് പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രന് പ്രതിഷേധത്തിന് നേതൃത്വം നല്കി.
ഏഴ് സ്പെഷാലിറ്റികളും പ്രവര്ത്തനം ആരംഭിക്കുന്നതുവരെ പ്രതിഷേധങ്ങളുമായി യൂത്ത് കോണ്ഗ്രസ് മുന്നോട്ടു പോകുമെന്നു ബ്രമിൻ ചന്ദ്രൻ അറിയിച്ചു. പെരുങ്കിടവിള കൃഷ്ണശേഖര്, ശാലിനി രാജേഷ്, വിനയനാഥ്, സതീഷ് കോട്ടുക്കോണം, അഭിലാഷ് പ്ലാം പഴിഞ്ഞി, ജോബിന് മണ്ണാംകോണം, ബിനു ആടുമന്കാട്, മഹേഷ്, സുജിത് തുടങ്ങിയവര് പ്രസംഗിച്ചു.
District News
നെയ്യാറ്റിന്കര: സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്കര ഭൗമനഗരസഭയാകുന്നു.നാളെ നഗരസഭ പരിധിയിലെ മലഞ്ചാണിയില് നടക്കുന്ന ശാന്തി ഇടം ഉദ്ഘാടന ചടങ്ങില് മന്ത്രി എം.ബി. രാജേഷ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിലുള്ള ഭരണസമിതിയെ സംബന്ധിച്ചിടത്തോളം കാലാവധി പൂര്ത്തിയാകുന്നതിനു മുന്പ് ഐഎസ്ഒ സര്ട്ടിഫിക്കറ്റിന് അര്ഹത നേടിയെന്നതും അഭിമാനകരം.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്ത്തനങ്ങളുടെ ഫലമായി മാലിന്യമുക്ത നഗരസഭ, അതിദാരിദ്യമുക്ത നഗരസഭ മുതലായ വിശേഷണങ്ങള് നേടിയെടുക്കാന് സാധിച്ചു. ഈ നേട്ടങ്ങള്ക്ക് കൂടുതല് ശോഭ പകരുന്നതാണ് ഭൗമനഗരസഭ പ്രഖ്യാപനവും ഐഎസ്ഒ സര്ട്ടിഫിക്കേഷനും. നഗരസഭ ഓഫീസിന്റെ പ്രവര്ത്തനങ്ങളെ ഒന്പത് ഘട്ടങ്ങളായി വിലയിരുത്തിയാണ് ഐഎസ്ഒ സര്ട്ടിഫിക്കറ്റ് നല്കുന്നത്.
District News
പാറശാല: സംസ്ഥാന സര്ക്കാര് സ്റ്റാര് പദ്ധതിയില് ഉള്പ്പെടുത്തി സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പാറശാല ബിആര്സി യുടെ നേതൃത്വത്തില് പാറശാല ഗവ. എല്പിജി സ്കൂളില് പത്ത് ലക്ഷം രൂപ ചിലവില് വർണക്കൂടാരം ആരംഭിച്ചു. ഉദ്ഘാടനം സി.കെ. ഹരീന്ദ്രന് എംഎല്എ നിര്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു അധ്യക്ഷത വഹിച്ചു.
എസ്എസ്കെഡിപിസി ഡോ. ബി. നജീബ് പദ്ധതി വിശദീകരണം നടത്തി.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.ആര്. സലൂജ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്, പഞ്ചായത്ത് അംഗം എം. സുനില്, എസ്എസ്കെ ഡിപിഒ ബിന്ദുജോണ്സ്, എഇഒ പ്രേമലത, ബിപിസി പത്മജ, ബിനിത, അഞ്ജന, അബിജാദാസ്, ബിബിന് മിഖേല്, പ്രമോദ്, ജെ.എല്. മിനി, ജോണ് സേവ്യര്, വിനോദ് കുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
District News
നെടുമങ്ങാട്: പനവൂർ കൊങ്ങണംകോട് -തേക്കുംമൂട് പനയമുട്ടം റോഡുകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്ക് പാലം തകർന്നിട്ട് വർഷങ്ങളായി. ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണം.പാലം തകർന്നതോടെ കെഎസ്ആർടിസി സർവീസ് നിർത്തലാക്കുകയും സ്വകാര്യ ബസ് സർവീസ് വഴി തിരിച്ചു വിടുകയും ചെയ്തു. പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ പാലത്തിനു സമീപം തിരിയാൻ കഴിയാത്തതിനാൽ പാലത്തിനും അരകിലോമീറ്റർ ദൂരെ കുട്ടികളെ എത്തിക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ.
രാത്രി വരുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ പാലത്തിലെ കുഴി കാണാതെ അപകടത്തിൽപെട്ടുന്നതും പതിവാണ്. പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിരവധി തവണ പരാതി നൽകിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പാലം പുനർ നിർമിച്ചു ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു പ്രതിക്ഷേധത്തിനെരുങ്ങുകയാണ് ബിജെപി പ്രവർത്തകർ.
District News
വിഴിഞ്ഞം: അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത, ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരന്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ. കോവളം മണ്ഡലത്തിൽ കരുംകുളം പഞ്ചായത്തിലെ പുതിയതുറയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിൽ വിവിധ വിഭാ
ഗങ്ങളിലായി 955 പട്ടയങ്ങൾ വിതരണം ചെയ്തു. കോവളത്ത് പതിറ്റാണ്ടുകളോളം കടൽ പുറമ്പോക്കിൽ താമസിച്ചിരുന്നവർക്ക് സർകാർ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി 504 പട്ടയങ്ങങ്ങൾ അനുവദിച്ചു. ഈ കുടുംബങ്ങളാണ് ഇന്നു ഭൂമിയുടെ അവകാശികളായി മാറിയതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കരുംകുളം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും അമന്ത്രി കെ. രാജൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി.
District News
കോവളം: സെപ്ടിക് ടാങ്കിനായി നിര്മിച്ച കുഴിയില് വീണ പശുവിനെ വിഴിഞ്ഞത്തുനിന്നും ഫയര് ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പൂങ്കുളം പാച്ചല്ലൂര് പാറക്കല്മേലെ കൊച്ചുമ്മിണി വീട്ടില് ബാബുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് പരുത്തിക്കുഴി സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുളള വസ്തുവിലെ സെപ്റ്റിക് ടാങ്കിനായി നിര്മിച്ച കുഴിയില് വീണത്. ബുധനാഴ്ച പകലായിരുന്നു സംഭവം.
പശു കുഴിയില് വീണ ഉടന് തന്നെ ഉടമ വിഴിഞ്ഞം ഫയര് ഫോഴ്സില് വിവരം അറിയിക്കുകയായിരുന്നു. തുടര്ന്ന് അധികൃതരെത്തി ഉദ്ദേശം നാലടി വ്യാസവും പത്തടിയോളം താഴ്ചയുമുള്ള ഉറ ഇറക്കിയിരുന്ന കുഴിയില്നിന്നും സാഹസിഹമായി പശുവിനെ ജെസിബിയുടെ സഹായത്താല് സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
എഎസ്ടി ഒ ഷാജിയുടെ നേതൃത്വത്തില് എസ്എഫ്ആര്ഒ സനു, എഫ്ആര്ഒ മാരായ ബിനുകുമാര്, അജയ് സിംഗ്, ആന്റു, എഫ്ആര്ഒ ഡ്രൈവര് ജിബിന് എസ്. റാം, ഹോം ഗാര്ഡുമാരായ ശെല്വകുമാര്, സുനില്ദത്ത് വിനോദ് എത്തിവരുള്പ്പെട്ട സേനാംഗങ്ങളാണ് രക്ഷാ ദൗത്യത്തില് പങ്കാളികളായി.
District News
തിരുവനന്തപുരം: ആര്ക്കിടെക്ട് എന്. മഹേഷിന്റേത് സമര്പ്പണത്തിന്റെ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പ്രമുഖ ആര്ക്കിടെക്റ്റും അക്കാദമീഷ്യനുമായ എന്. മഹേഷിന്റെ 50 വര്ഷത്തെ പ്രഫഷണല് സംഭാവനകളെ ആദരിക്കുന്നതിനായി ഹോട്ടല് ഓ ബൈ താമരയില് സംഘടിപ്പിച്ച ചടങ്ങില് ഉദ്ഘാടന സന്ദേശം നല്കുകയായിരുന്നു മുഖ്യമന്ത്രി.
കോളജ് ഒഫ് ആര്ക്കിടെക്ചര് ട്രിവാന്ഡ്രം ഡയറക്ടര് പ്രഫ.ജെ. ജയകുമാറാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം ചടങ്ങില് വായിച്ചത്. ചടങ്ങില് വിശിഷ്ടാതിഥിയായ ഡോ.ശശി തരൂര് എം.പി ഓണ്ലൈനായി പ്രസംഗിച്ചു. ഐഐഎ ട്രിവാന്ഡ്രം സെന്റര് ചെയര്പേഴ്സണ് ആര്.ജെ. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം. മഹേഷ് ഫൗണ്ടേഷന്റെ പ്രഖ്യാപനം സിഎടി ട്രസ്റ്റി ആന്ഡ് വൈസ് ചെയര്മാന് നാരായണന് മഹേഷ് നിര്വഹിച്ചു.
ആര്ക്കിടെക്ട് മഹേഷിന്റെ ഔദ്യോഗിക ജീവിതത്തെ അടയാളപ്പെടുത്തുന്ന മോണോഗ്രാഫിന്റെ പ്രകാശനം ഐഐഎ ട്രിവാന്ഡ്രം സെന്റര് ചെയര്പേഴ്സണ് വിനോദ് സിറിയക് കൗണ്സില് ഓഫ് ആര്ക്കിടെക്ച്ചര് പ്രസിഡന്റ് അഭയ് പുരോഹിതിന് നല്കി നിര്വഹിച്ചു. ആര്ക്കിടെക്ട് മഹേഷിനെക്കുറിച്ചു ഡോക്യുമെന്ററി ചടങ്ങില് പ്രദര്ശിപ്പിച്ചു.
District News
പൂവാർ: ചന്തയിൽ നിന്നും പഴകീയ ചെമ്പല്ലിമീൻ വാങ്ങി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നാൽപതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഛർദി, വയറിളക്കം, മൂത്രതടസം, വയറെരിച്ചിൽ, തലക്കറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് എല്ലാവരും ചികിത്സതേടിയത്.
ചൊവ്വാഴ്ച രാവിലെ പുതിയതുറ, പള്ളം മത്സ്യമാർക്കറ്റുകളിൽനിന്നും വാങ്ങിയ ചെമ്പല്ലിയുടെ തലയും മുള്ളും മത്സ്യ കച്ചവടക്കാർ കാഞ്ഞിരംകുളം, പുത്തൻകട, പഴയകട, ഊരമ്പ് ഉൾപ്പെടെയുള്ള ചന്തകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ നിന്നും വൈകുന്നേരത്ത് വാങ്ങി കറിവെച്ച് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നു കരുതുന്നു. ഭക്ഷണം കഴിച്ചവർക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ വയറിളക്കവും അസ്വസ്തതകളും അനുഭവപ്പെട്ടു. പല ഭാഗത്തു നിന്നുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനാൽ കൃത്യമായ കണക്കും അധികൃതർക്ക് ലഭിച്ചില്ലെന്നാണറിവ്.
കാഞ്ഞിരംകുളം സ്വദേശികളായ അഞ്ജന (25), സുജിത് (29), വത്സല (50), ഷെറിൻ (40), മനു (26), മനുജ (29), മോഹനചന്ദ്രൻ (62), ഷീല (52), ക്രിസ്തുദാസ് (65), സരളജാസ്മിൻ (52), തുളസി (66), അടിമലത്തുറ സ്വദേശികളായ അബ്രോസ് (71), ഷൈല പ്രവീൺ (32), മേരി സിൽവയ്യൻ (62), മെർളിൻ (26), മെറീന (32), പുത്തൻ കട സ്വദേശികളായ ത്രേസി (68), ലഷ്മണൻ (78) കൊച്ചുതുറ സ്വദേശി സജീല(36), പുല്ലുവിള സ്വദേശി ജയ (42) തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയിൽനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയോടെ മീൻകറി കഴിച്ചെ ങ്കിലും വൈകുന്നേരം നാലു മണിയോടെയാണ് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും കുറെപ്പേർ എത്തിയത്. രാത്രിയോടെ കൂടുതൽ പേർ എത്തിയതോടെയാണു സംഭവം ഭക്ഷ്യവിഷബാധയാണെന്ന കാര്യം അധികൃതർ അറിയുന്നത്. തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാത്രം മിനിയാന്നും ഇന്നലെയുമായി 27 പേർ ചികിത്സ തേടിയെത്തി. കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയവരുണ്ട്. ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കരുംകുളം പഞ്ചായത്തിൽ തീരദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പള്ളം മത്സ്യമാർക്കറ്റിൽ അന്യ സംസ്ഥാനങ്ങളിൽനിന്നും മാസങ്ങൾ പഴക്കമുള്ള മത്സ്യമാണ് എത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുകളും ഉപയോഗിക്കുന്നുണ്ട്. ചന്ത അടച്ചുപൂട്ടാൻ വർഷങ്ങൾക്കുമുമ്പ് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിധി നടപ്പാക്കിയതായി പഞ്ചായത്തും പോലീസും ചേർന്നു കോടതിയെ കബളിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്.
District News
നെയ്യാറ്റിന്കര: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ ശാസ് ത്രോത്സവവും വിഎച്ച്എസ്ഇ കൊല്ലം മേഖല സ്കിൽ ഫെസ്റ്റും കെ. ആന്സലന് എംഎല്എ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതിന് നെയ്യാറ്റിന്കര ഗവ. ഹയര്സെക്കന്ഡറി സ്കൂളില് ചേരുന്ന ചടങ്ങില് നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് അധ്യക്ഷനാകും.
സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ. സാദത്ത്, കൗണ്സിലര്മാരായ മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീണ്, തിരുവനന്തപുരം ആര്ഡിഡി എസ്. അജിത, വിഎച്ച്എസ്ഇ കൊല്ലം മേഖല എഡിഎസ് സജി, തിരുവനന്തപുരം ഡിഇഒ ഷിബു പ്രേംലാല്, നെയ്യാറ്റിന്കര ഡിഇഒ ഇന് ചാര്ജ് എസ്. ബീനാകുമാരി, നെയ്യാറ്റിന്കര എഇഒ എന്. സുന്ദര്ദാസ്, ആതിഥേയ സ്കൂളുകളിലെ പിടിഎ പ്രസിഡന്റ് വി. സാബു, സി. സതീഷ് കുമാര്, പി.കെ. സന്തോഷ് കുമാര്, പ്രഥമാധ്യാപകരായ പി.ആര്. ദീപ്തി, ജി. ദീപ, ജി. ജ്യോതിഷ്, എസ്. ആനി ഹെലന് എന്നിവര് പ്രസംഗിക്കും. തിരുവനന്തപുരം ഡിഡിഇ ശ്രീജാ
ഗോപിനാഥ് സ്വാഗതവും റിസപ്ഷന് കമ്മിറ്റി കണ്വീനര് കെ. ഷുഹൈബ് നന്ദിയും പറയും.
ഇന്ന് അമരവിള എൽഎംഎസ്എച്ച്എസ്എസില് ശാസ്ത്രമേള അരങ്ങേറും. ടീച്ചിംഗ് എയ്ഡ് മത്സരം, ശാസ്ത്രനാടകം, ശാസ്ത്ര സെമിനാർ എന്നിവ ഇതോടൊപ്പം നടക്കും. ഗണിത ശാസ്ത്രമേള ഇന്നു നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവന്റ് സ്കൂൾ, വിദ്യാധിരാജ വിദ്യാനിലയം സ്കൂൾ എന്നിവിടങ്ങളിലും സാമൂഹ്യ ശാസ്ത്രമേള ഇന്നും നാളെയും ഗവ: ബോയ്സ് എച്ച്എസ്എസിലുമായി നടക്കും.
അമരവിള എൽഎംഎസ് എൽപിഎസ്, അമരവിള എൽഎംഎസ് എച്ച്എസ്എസ് എസ്, അമരവിള സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളില് ഇന്നു പ്രവൃത്തി പരിചയ മേള നടക്കും. നെയ്യാറ്റിൻകര ഗേൾസ് എച്ച്എസ്എസ് ഇന്നും നാളെയും ഐടി മേളയിലെ മത്സരങ്ങള്ക്ക് വേദിയാകും.
റവന്യൂ ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി വിവിധ മേളകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അയ്യായിരത്തോളം പ്രതിഭകൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയിൽ പങ്കെടുക്കും. ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന വൊക്കേഷണൽ ഹയർസെക്കന്ഡറി കൊല്ലം മേഖല സ്കിൽ ഫെസ്റ്റിന് നെയ്യാറ്റിൻകര ഗേൾസ് എച്ച്എസ്എസ് ആതിഥേയത്വമേകും.
District News
ആർ സി ദീപു
നെടുമങ്ങാട്: നിലവിൽ എൽഡിഎഫ് ഭരിക്കുന്ന ആനാട് പഞ്ചായത്ത് ഇക്കുറിയും നിലനിർത്തുമെന്നു എൽഡിഎഫും തിരിച്ചു പിടിക്കുമെന്നു യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ആനാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കും. സമസ്ത മേഖലകളിലും വികസനം ഭരണ നേട്ടമായി പഞ്ചായത്ത് പ്രസിഡന്റ് എന്. ശ്രീകല ചൂണ്ടികാണിക്കുന്നു.സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ എംഎൽ എയുടെ സഹായത്തോടെ പഞ്ചായത്തിൽ നടപ്പിലാക്കിയത് വികസന കുത്തിപ്പായി മാറിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം വികസന മുരടിപ്പ് ആയിരുന്നെന്നും സ്വജന പക്ഷ പാതവും അഴിമതി യും കാരണം ജനങ്ങൾ പൊറുതി മുട്ടിയെന്നും കോൺഗ്രസ് പാര്ലമെന്ററി പാര്ട്ടി ലീഡര് ആര്. അജയകുമാര് ആരോപിച്ചു.
നേട്ടങ്ങൾ
കുടിവെള്ള പദ്ധതികൾക്കാ യി 70 കോടി മുടക്കി രണ്ട് വാട്ടര് ടാങ്കുകള് സ്ഥാപിച്ചു. 90-ശതമാനം വീടുകളിലേക്കും പൈപ്പ് കണക്ഷന് നല്കി.
വിദ്യാഭ്യാസ മേഖല- സ്കൂളുകളില് പ്രഭാത ഭക്ഷണം, കലാകായിക പരിശീലനം എന്നിവ നല്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടില്നിന്നും ഒരുകോടി വീതം ആനാട് എല്പിഎസ്, കൊല്ല യുപിഎസ്, രാമപുരം യു.പിഎസ് എന്നിവയ്ക്ക് നൽകി.
ലൈഫ് ഭവന പദ്ധതിയിലൂടെ 254-കുടുംബങ്ങള്ക്ക് വീടുകള്.
ആയുര്വേദ ആശുപത്രിയില് 25-ലക്ഷം ചെലവിട്ട് ശൗചാലയങ്ങളും ഓടകളും നിര്മിച്ചു. കൂടാതെ ജനറേറ്റര്, കുഴല് കിണര്, ഹാള്, 25 ലക്ഷത്തിന്റെ മരുന്ന് എന്നിവ നല്കാനായി.
ആയുഷ് മിഷന്റെ ഒരു കോടിയുടെ അറ്റകുറ്റപ്പണികൾ, മൂന്നു ഡോക്ടര്മാരുടെ സേവനം, പാലിയേറ്റീവ് കെയര് എന്നിവയും സജ്ജമാക്കി.
പട്ടികജാതി വിഭാഗത്തിനായി പഠന മുറികള്, സ്കോളര്ഷിപ്പ്, ലാപ് ടോപ്പ്, പഠനോപകരണങ്ങള്, വീട് അറ്റകുറ്റപ്പണികൾ, ചെണ്ട, വാട്ടര് ടാങ്ക് എന്നിവ വാങ്ങി നല്കല് എന്നിവയും പൂര്ത്തിയാക്കി. നാല് അങ്കണവാടികക്ക് പുതിയ കെട്ടിട നിര്മാണവും മൂന്ന് പുതിയ സബ് സെന്റര് കെട്ടിട നിര്മ്മാണവും പൂര്ത്തിയാക്കി.
മാലിന്യ സംസ്കരണം - 75 ലക്ഷം രൂപ ചെലവില് കൂപ്പില് പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് എംസിഎഫ് യൂണിറ്റിന്റെ നിര്മാണം തുടങ്ങി. എല്ലാ വാര്ഡിലും മിനി ബോട്ടില് യൂണിറ്റ് സ്ഥാപിച്ചു, ഹരിതകർമ സേനയ്ക്ക് വാഹനം വാങ്ങി. കാര്ഷിക, മൃഗസംരക്ഷണ മേഖലയില് ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികള് നടപ്പാക്കി. പ്രതിവര്ഷം തെരുവു വിളക്കുകള്ക്ക് 15 ലക്ഷം ചെലവഴിക്കുന്നു.
കോട്ടങ്ങൾ
10 വര്ഷം മുന്പ് ആരംഭിച്ച കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല.
വ്യക്തിഗത ആനുകൂല്യങ്ങള് മെമ്പര്മാരുടെ കുടുംബാംഗങ്ങളുടെ പേരില് എഴുതി എടുത്തു.
ഭരണസമിതി കാലയളവില് പുതിയതായി ഒരു സ്ഥാപനം പോലും കൊണ്ടുവരാന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടയില് വാടകയ്ക്ക് പ്രവര്ത്തിക്കുന്ന ഒരേ ഒരു അങ്കണവാടിക്കു പോലും സ്ഥലം സൗജന്യമായി ലഭിച്ചിട്ടുപോലും കെട്ടിടം നിര്മ്മിക്കുവാന് കഴിഞ്ഞിട്ടില്ല.
കിള്ളിയാറിന്റെ പുറം പോക്ക് സ്വകാര്യവ്യക്തികള്ക്ക് അളന്നു നല്കി വമ്പന് കെട്ടിടം നിര്മിച്ച് അനധികൃതമായി നമ്പര് കൊടുക്കുന്നു. ഭീമമായ അഴിമതിയാണ് ഇതു
കര്ഷകരെ രക്ഷിക്കാന് ഒരുപദ്ധതിയുമില്ല. പന്നിശല്യം രൂക്ഷം
തെരുവ് നായ ശല്യം കാരണം വീടിനു പുറത്തിറങ്ങാനാകുന്നില്ല.
പഞ്ചായത്തിന്റെ റോഡുകള് പൊട്ടിപ്പൊളിഞ്ഞു തകർന്നു. കാല്നടപോലും ദുരിതം.
District News
കൊട്ടിയം:ഇത്തിക്കരയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ പ്രതിഷേധ സത്യഗ്രഹത്തിന്റെ ഇരുപത്തിയെട്ടാം ദിവസം മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഹലീമ ബീവി സത്യഗ്രഹം അനുഷ്ടിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത്, ബിജെപി വക്താവ് റിട്ട.കേണൽ ഡിന്നി എന്നിവർ സമര പന്തൽ സന്ദർശിച്ചു. ഇത്തിക്കരയിൽ അടിപ്പാത നിർമ്മിക്കുക എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി കേണൽ ഡിന്നി അറിയിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ 27 ദിവസമായി നടന്നുവന്ന റിലേ സത്യഗ്രഹം സമരം അവസാനിപ്പിച്ചതായി സമര സമിതി കൺവീനർ ജി. രാജു പ്രഖ്യാപിച്ചു.
District News
കുളത്തൂപ്പുഴ: തിരുവനന്തപുരം -തെങ്കാശി അന്തർ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കുളത്തൂപ്പുഴ അയ്യൻപിള്ള വളവിൽ മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപമുള്ള വളവിൽ വാഹനത്തിന് സൈഡ് കൊടുക്കവെ ടെമ്പോ വാൻ താഴ്ചയിലേക്ക് മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും കിളിയും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അന്തർ സംസ്ഥാനപാതയിൽ മിക്ക പ്രദേശങ്ങളിലും വളവുകളുടെ ഇരുവശവും ദൂര കാഴ്ച മറക്കും വിധമാണ് ചെടികൾ വളർന്നുനിൽക്കുന്നത് ഇതുമൂലം എതിർശയിൽനിന്നും വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയുന്നില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. പലപ്രാവശ്യം പഞ്ചായത്തിനും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും റോഡിന്റെ സൈഡിലുള്ള മരങ്ങൾ വെട്ടാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
District News
കൊല്ലം: സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ പദ്ധതിയുടെ ഭാഗമായി ചവറ തെക്കുംഭാഗം മേഖലയിൽ കൗൺസിലറായി സേവനം അനുഷ്ടിച്ച പദ്മിനിയെ കൊല്ലം സിറ്റി പോലീസ് ആദരിച്ചു. സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ പദ്മിനിക്ക് അഭിനന്ദനപത്രം കൈമാറി.
കൊല്ലം ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് സക്കറിയ മാത്യു, മുക്ത്യോദയം കൗൺസിലർമാർ, പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തെക്കുംഭാഗം പോലീസിന്റെ സഹായത്തോടെ വിവിധ അങ്കണവാടികള് കേന്ദ്രീകരിച്ച് മികച്ച രീതിയിലുള്ള പ്രവര്ത്തനമാണ് മുക്ത്യോദയം കൗൺസിലറായി ചുമതലപ്പെടുത്തിയിരുന്ന പദ്മിനിയുടെ നേതൃത്വത്തില് നടന്നു വരുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നൂറോളം വ്യക്തികള്ക്കാണ് പദ്മിനി ഇതിനകം കൗണ്സിലിംഗ് നൽകിയത്.
District News
കൊല്ലം: റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ വിജിലൻസ് അവബോധ വാരാചരണത്തിന് തുടക്കമായി. ഇതിന്റ ഭാഗമായി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ ജീവനക്കാർക്ക് സമഗ്രതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദക്ഷിണ റെയിൽവേ വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രതിപാദിക്കുന്ന ഇന്റർഗ്രിറ്റി ബുള്ളറ്റിനും പുറത്തിറക്കി. ഓൺലൈനായി നടന്ന ചടങ്ങിൽ തമിഴ്നാട് ലോകായുക്ത ചെയർപേഴ്സൺ ജസ്റ്റിസ് പി.രാജമാണിക്യം മുഖ്യാതിഥിയായിരുന്നു.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗ് അധ്യക്ഷത വഹിച്ചു. ഫീൽഡ് ലവൽ വിജിലൻസും അവബോധവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മൂന്ന് കൈപ്പുസ്തകങ്ങളും ചടങ്ങിൽ പുറത്തിറക്കി.
വാരാചരണത്തികന്റെ ഭാഗമായി ശിൽപ്പശാലകൾ, സെമിനാറുകൾ, ക്വിസ് മത്സരം, ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയ സംഘടിപ്പിക്കും. വാരാചരണം വിവിധ പരിപാടികളോടെ നവംബർ രണ്ടിന് സമാപിക്കും.
District News
കൊട്ടിയം: നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ മൂന്നാമത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചി െ ന്റ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്. ചന്ദ്രൻ മുഖ്യ അതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പരേഡിൽ പങ്കെടുത്ത കേഡറ്റുകൾക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. പ്രഥമ അധ്യാപിക വൈ. ജൂഡിത്ത് ലത സത്യ വാചകം ചൊല്ലിക്കൊടുത്തു.
കൊട്ടിയം എസ്എച്ച്ഒപി. പ്രദീപ്, സബ്ഇൻസ്പെക്ടർ വിഷ്ണു, എസ് ഐ വിനയൻ, പോലീസ് ഓഫീസർ രമ്യ, സിസ്റ്റർ ജോയൽ, ഫാ. ജോർജ് റോബിൻസൺ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജിസ്മി ഫ്രാങ്ക്ലിൻ, എയ്ഞ്ചൽ മേരി, അനില, പ്രഭ എന്നിവർ എന്നിവർ പങ്കെടുത്തു.
District News
കൊല്ലം: ജില്ലയെ അതിദാരിദ്ര്യമുക്തമായി ജില്ലാ പഞ്ചായത്ത് ജയന് സ്മാരകഹാളില് ഇന്ന് രാവിലെ 11.30നു മന്ത്രി കെ.എന്.ബാലഗോപാല് പ്രഖ്യാപിക്കും. ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന് അധ്യക്ഷനാകും. ജില്ലാ കളക്ടര് എന്. ദേവിദാസ് റിപ്പോര്ട്ട് അവതരിപ്പിക്കും. മുകേഷ് എംഎല്എ, മേയര് ഹണി എന്നിവർ മുഖ്യാതിഥിയായിരിക്കും.
ജില്ലയില് 4461 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. 488 പേര് മരണപ്പെട്ടവരും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരും കണക്കില് ഇരട്ടിപ്പ്വന്നവരുമാണ്. 3973 കുടുംബങ്ങള് അതിദാരിദ്ര്യമുക്തമായി. 2180 കുടുംബങ്ങള്ക്കു ഭക്ഷണവും 2226 കുടുംബങ്ങള്ക്ക് ആരോഗ്യസേവനവും 292 കുടുംബങ്ങള്ക്കു വരുമാനവും 878 കുടുംബങ്ങള്ക്ക് വീടും ലഭ്യമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജെ.ഷാഹിദ, സെക്രട്ടറി സി. ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ജയദേവി മോഹന്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര് എസ്.സുബോധ്, ഡിപിസി അംഗം എസ്. രമേശ്, കില ഡെപ്യൂട്ടി ഡയറക്ടര് കെ. അനു, അതിദാരിദ്ര്യ നിര്മാര്ജനപദ്ധതി പ്രോജക്ട് ഡയറക്ടർ ബി. ശ്രീബാഷ് തുടങ്ങിയവര് പങ്കെടുക്കും.
District News
കൊട്ടിയം: രോഗിയുമായി വരികയായിരുന്നആംബുലൻസിന് സൈഡ്കൊടുക്കാത്തതിനെചോദ്യം ചെയ്തതിന് ബൈക്കിൽ വരികയായിരുന്ന സംഘം ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8.30 ന് കൊട്ടിയത്തായിരുന്നു സംഭവം.
പത്തനാപുരത്ത് നിന്നും രോഗിയുമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. മൂവർ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് ആംബുലൻസിനെ കടത്തിവിടാതെ മുന്നിൽ പോവുകയും ആംബുലൻസ് പോകുന്നത് തടസപ്പെടുത്തുകയുംചെയ്തു. സൈഡ് കിട്ടിയപ്പോൾ മുന്നിൽ കയറിയ ആംബുലൻസിന്റെ ഡ്രൈവർആംബുലൻസിന് സൈഡ് കൊടുക്കാത്തത് ശരിയാണോ എന്ന് ചോദിച്ചതിന്റെ പേരിൽ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ചെയ്യുകയായിരുന്നു.
പത്തനാപുരം സ്വദേശിയായബിന്ദു എന്ന രോഗിയുമായാണ് ആംബുലൻസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നത്.ആംബുലൻസ് ഡ്രൈവർ വിവിൻ ( 37 )നാണ് മർദ്ദനമേറ്റത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനോടൊപ്പം വിവിനുംആശുപത്രിയിൽ ചികിത്സ തേടി.
നിരീക്ഷണ കാമറ ദൃശ്യങ്ങളുംസമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോകളും പോലീസ് പരിശോധിച്ച ശേഷം പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. കൊട്ടിയം കൊട്ടുംപുറം സ്വദേശിയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം.
District News
കൊല്ലം: വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. നീരാവിൽ അമ്പലത്തറ വീട്ടിൽ(വൃന്ദാവനത്തിൽ) വിനോദിന്റെ ഹ്യുണ്ടായി സാൻട്രോ കാറാണ് ഇന്നലെ രാവിലെ എട്ടോടെ കത്തി നശിച്ചത്.
രാവിലെ പുറത്തേക്ക് പോകാനായി കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കാറിൽ നിന്ന് പുകയും തീയും ഉയർന്നതോടെ വിനോദ് ഡോർ തുറന്നു പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു.
തുടർന്ന് കാർ പൂർണമായും അഗ്നിക്കിരയായി. കൊല്ലത്ത് നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
District News
കൊല്ലം: നഗരത്തിന്റെ വികസന മുരടിപ്പിനു കാരണം ദീര്ഘകാലത്തെ ഇടതുഭരണമാണെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി. പഞ്ചായത്തിലെ ജനങ്ങള്ക്കു ലഭിക്കുന്ന സൗകര്യങ്ങള് പോലും കോര്പ്പറേഷനായ കൊല്ലം നിവാസികള്ക്കു നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ കുറ്റവിചാരണയാത്രയ്ക്ക് മാടന്നട ജംഗ്ഷന്, ഉളിയക്കോവില്, ആശ്രാമം ഇഎസ്ഐ ജംഗ്ഷന്, ഹൈസ്കുള് ജംഗ്ഷന്, ആണ്ടാമുക്കം, വാടി ജംഗ്ഷന് എന്നിവിടങ്ങളില് നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കോര്പ്പറേഷന് റോഡുകളും കോര്പ്പറേഷന്റെ അധീനതയില്വരുന്ന ഇതര സ്ഥാപനങ്ങളും ഉപയോഗയോഗ്യമല്ലാത്ത വിധം തരംതാഴ്ന്നിരിക്കുന്നു. ജനകീയവിഷയങ്ങളില് മുഖം തിരിഞ്ഞുനില്ക്കുന്ന കോര്പ്പറേഷന് ഭരണാധികാരികള് ജനക്ഷേമത്തേക്കാള് ഏറെ പ്രാധാന്യം നല്കുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമാണ്. ദുര്ഭരണത്തിനെതിരെ ജനങ്ങള് നല്കുന്ന ശക്തമായ താക്കീതായിരിക്കും കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലമെന്നും എംപി പറഞ്ഞു.
കുറ്റവിചാരണ യാത്രയില് ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ്, യൂനുസ് എന്നിവരും പങ്കെടുത്തു. പി.വി അശോക് കുമാറിന്റെ അധ്യക്ഷതയില് കൂടി സമ്മേളനം കെപിസിസി ജനറല് സെക്രട്ടറി എം.എം. നസീര് ഉദ്ഘാടനം ചെയ്തു. സിപിഎം പിണറായി വിലാസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീര് പറഞ്ഞു.
District News
ചവറ : പന്മന പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും വികസന മുരടിപ്പിനുമെതിരെ എൽഡിഎഫ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. പന്മനയിൽ സിപിഎം ലോക്കൽ സെക്രട്ടറി എം.വി.പ്രസാദ് ക്യാപ്റ്റനും കെ.മോഹനൻ വൈസ് ക്യാപ്റ്റനുമായ കാൽനട പ്രചാരണ ജാഥ നെറ്റിയാട്ട് മുക്കിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ കമ്മിറ്റിയംഗം ആർ.സുരേന്ദ്രൻ പിള്ള അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലായി പര്യടനം നടത്തിയ ജാഥയിൽ ആര്.രവീന്ദ്രൻ, അനിൽ പുത്തേഴം, ടി .എ. തങ്ങൾ, ഷീനാ പ്രസാദ്, പി. കെ. ഗോപാലകൃഷ്ണൻ, എസ് .മോഹനൻ പിള്ള,എ .ഷാജഹാൻ, വിഷ്ണു, കെ. വി. ദിലീപ്കുമാർ, മനീഷ്, ജി .ശശികുമാർ,ടി.കെ. ശങ്കരൻ, എസ്.സിനിൽ ,തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഇടപ്പള്ളിക്കോട്ടയിൽ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. മുരളി ഉദ്ഘാടനം ചെയ്തു.
District News
ചാത്തന്നൂർ: തിരുമുക്കിൽവലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ നാല്പത്തി രണ്ടാം ദിവസം പരവൂർക്കാർ യുവജന കൂട്ടായ്മ പ്രവർത്തകരാണ് സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കാളികളായത്. ചാത്തന്നൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീനാ നജിംസത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻഅധ്യക്ഷത വഹിച്ചു. ജിജോപരവൂർ, അരുൺ പനയ്ക്കൽ, വിജയകുമാർ, ദേവിലാൽ കവിത അശോക് ,ഷൈൻ എസ് കുറുപ്പ്, സന്തോഷ് പാറയിൽക്കാവ്തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമുതൽ മുതൽ സീനിയർ സിറ്റിസൺസ് അസോസിയേഷൻപ്രവർത്തകരാണ് സായാഹ്ന സത്യഗ്രഹസമരത്തിൽ പങ്കെടുക്കുന്നത്. സമരവേദിയിൽ തയാറാക്കിയ പ്രതിഷേധ ജ്വാല കത്തിച്ച് കൊണ്ട്പ്രേംജിത്ത്. സി.എൻ.സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
District News
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനവും അഴിമതിരഹിത ഭരണവും ജനങ്ങൾക്ക് ഉറപ്പ് നൽകി ബി ജെ പി കോർപ്പറേഷൻ ഡിവിഷനുകളിൽ 30 ന് വികസന സന്ദേശ യാത്ര നടത്തും.
കോർപറേഷൻ പരിധിയിലെ മൂന്ന് ഡിവിഷനുകളിൽ നിന്നും ഒരേ സമയം ആണ് വികസന യാത്ര ആരംഭിക്കുക. കാവനാട് ഡിവിഷനിൽ നിന്നും രാവിലെ 8.30 ന് ആരംഭിക്കുന്ന യാത്ര പരിപാടി ബിജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് ജില്ലാ അധ്യക്ഷൻ എസ്. പ്രശാന്ത് നേതൃത്വം നൽകും. വാളത്തുംഗൽ പുത്തൻചന്തയിൽ നിന്നാരംഭിക്കുന്ന യാത്ര സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആണ് ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ യാത്ര നയിക്കും.
ചാത്തിനാംകുളത്ത് നിന്നാരംഭിക്കുന്ന യാത്ര സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് റിട്ട.കേണൽ ഡിന്നി നേതൃത്വം നൽകും. വൈകുന്നേരം ആറിന് ചിന്നക്കടയിൽ നടക്കുന്ന സംയുക്ത സമാപനയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വികസനസന്ദേശ യാത്രക്ക് മുന്നോടിയായി ഡിവിഷനുകളിൽ വിശദീകരണ യോഗങ്ങളും ഗൃഹ സമ്പർക്കവും നടക്കുകയാണ്.
വാർത്താ സമ്മേളനത്തിൽ വെസ്റ്റ് ജില്ലാപ്രസിഡന്റ്് എസ്. പ്രശാന്ത്, ജില്ലാ ജനറൽ സെക്രട്ടറി വി. എസ്. ജിതിൻ ദേവ്, കൊല്ലം കോർപ്പറേഷൻ ബിജെപി പാർലമെന്റ് പാർട്ടി ലീഡർ ഗിരീഷ്, പ്രതിലാൽ എന്നിവർ പങ്കെടുത്തു.
District News
കൊല്ലം: ജന്മനാ ഹൃദ്രോഗമുള്ള ജില്ലയിലെ 382 കുട്ടികള്ക്കു പുതുജീവിതം നല്കി സംസ്ഥാന സര്ക്കാരിന്റെ ഹൃദ്യം പദ്ധതി. നവജാതശിശുക്കള് മുതല് 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ അസുഖങ്ങള്ക്കുള്ള സൗജന്യചികിത്സയാണ് ലഭ്യമാക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്ഷങ്ങളിലായി ജില്ലയിലെ 241 കുട്ടികള്ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഈ വര്ഷം 130 കുട്ടികള് രജിസ്റ്റര് ചെയ്തു. 2017 സെപ്റ്റംബര് മുതല് 2198 പേരാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ആരോഗ്യപരിശോധനാപിന്തുണ വേണ്ടിവരുന്നു. ഹൃദയത്തിലെ ദ്വാരം അടയ്ക്കുന്ന പ്രക്രിയയും നടത്തുന്നു.
ജനനസമയത്തെ പരിശോധന, ആര്ബിഎസ്കെ നഴ്സുമാര് വഴി അങ്കണവാടികളിലും സ്കൂളുകളിലും നടത്തുന്ന സ്ക്രീനിങ് എന്നിവയിലൂടെയാണ് കുട്ടികളിലെ രോഗാവസ്ഥ കണ്ടെത്തുന്നത്. വീടുകളിലെത്തി ആശപ്രവര്ത്തകര് പദ്ധതിസംബന്ധിച്ച് ബോധവത്കരണം നല്കുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്പരിശോധനകളും ചികിത്സയും പദ്ധതിവഴി നല്കുന്നുമുണ്ട്.
ഹൃദ്രോഗനിര്ണയ ആശുപത്രികള്വഴിയും ഡിസ്ട്രിക്റ്റ് ഏര്ലി ഇന്റര്വെന്ഷന് സെന്റര് (ഡിഇഐസി) മുഖേനയും എംപാനല് ചെയ്ത ആശുപത്രികളിലൂടയുമാണ് പദ്ധതിയിലേക്ക് രജിസ്റ്റര് ചെയ്യാവുന്നത്. വ്യക്തിഗതമായും കുട്ടികളുടെ പേര്, നിലവിലെചികിത്സ, മറ്റ് അടിസ്ഥാനവിവരങ്ങള് ഉള്പ്പെടെ http://hridyam.kerala.gov.in ല് രജിസ്റ്റര് ചെയ്യാം.
District News
കൊല്ലം: നന്മയുള്ള നേതാക്കളെയാണു കാലഘട്ടത്തിന് ആവശ്യമെന്നു കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി. രാഷ്ട്രീയമായാലും സാമൂഹിക സാംസ്കാരിക ആത്മീയതയായാലും നന്മയും നേതൃത്വപാടവുമുള്ള നേതാക്കളാണ് വേണ്ടതെന്നു ബിഷപ് കൂട്ടിച്ചേർത്തു. കൊട്ടിയം സിഎഫ്ടിടിഐ വിദ്യാർഥികൾക്കായി അന്തർദേശീയ പരിശീലകൻ എം.സി.രാജിലൻ നയിച്ച നേതൃത്വപാടവും അവതരണകലയും എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ മാനേജർ ഫാ.ടോമി കമാൻസ്, ഡോ. ജെ. അലക്സാണ്ടർ സെന്റർ ഫോർ സ്റ്റഡീസ് പ്രസിഡന്റ് എസ്. പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി സാബു ബെനഡിക്ട്, പ്രിൻസിപ്പൽ അജിത് കുര്യാക്കോസ്,സൂസി നെവിൻ, സോണിയ പ്ലാസിഡ്, മേരി ഡയാന എന്നിവർ പ്രസംഗിച്ചു.
District News
ചാത്തന്നൂർ: ശീമാട്ടി ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയവർ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ഓടിരക്ഷപ്പെട്ടു.ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കാറിൽ ഒരാളുമായി എത്തിയ സ്ത്രീ ധനകാര്യ സ്ഥാപനത്തിൽ കയറി. 8.2 ഗ്രാം വീതം തൂക്കമുള്ള രണ്ട് വളകൾ പണയം വയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
കുട്ടിയ്ക്ക് ഗുരുതരമായ രോഗമാണെന്നും ആശുപത്രിയിൽ കൊണ്ടു പോവുകയാണെന്നും ഒന്നരലക്ഷം രൂപ വേണമെന്നുമാണ് പറഞ്ഞത്. പണയം എടുക്കുന്നത് സംബന്ധിച്ച നടപടികൾ നടക്കുമ്പോൾ ഇവർ വല്ലാത്ത തിരക്ക് കൂട്ടി. സംശയം തോന്നിയ ജീവനക്കാർ പണയ ഉരുപ്പടി പരിശോധിക്കുമ്പോൾ ഇവർ ഓടി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാർ ഉടൻ തന്നെ സ്ഥാപന ഉടമയെയും ചാത്തന്നൂർ പോലീസിനെയും വിവരം അറിയിച്ചു. ചാത്തന്നൂർ പോലീസ് സ്ഥാപനത്തിലെത്തി പരിശോധനകൾ നടത്തി. സിസിടിവി കാമറ ദൃശ്യങ്ങളും എടുത്തു. സ്ഥാപന ഉടമയുടെ പരാതിയിൽ ചാത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
പി.സനിൽ കുമാർ
അഞ്ചല് : കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള് ഒളിംപിക്സില് ഹാന്ഡ്ബോള് മല്സരത്തില് പങ്കെടുത്ത് സംസ്ഥാന ടീമില് ഇടം നേടി അഭിമാനമായി മാറിയിരിക്കുകയാണ് കരുകോണ് സര്ക്കാര് ഹയര് സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിനി ആദിത്യ സുരേഷ്.
അലയമണ് പഞ്ചായത്തിലെ പുഞ്ചക്കോണം ചരുവിള പുത്തന് വീട്ടില് സുരേഷ് കുമാര് -സംഗീത ദമ്പതികളുടെ മൂത്തമകളാണ് ആദിത്യ. തന്റെ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു മകള് ഹാൻഡ്ബോള് കായിക ഇനത്തില് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കായിക മേളയില് പങ്കെടുക്കുക എന്നത്. ഇതിനായി കഴിഞ്ഞനാളുകളില് വലിയ പരിശ്രമവും പിതാവ് സുരേഷ്കുമാര് നടത്തിയിരുന്നു.
എന്നാല് മകളുടെ വിജയം കാണാന് പിതാവ് സുരേഷ് കുമാര് ഇന്നില്ല. അസുഖ ബാധിതനായിരുന്ന സുരേഷ് നാല് മാസം മുമ്പ് മരണത്തിന് കീഴടങ്ങി. പിതാവിന്റെ ആഗ്രഹവും മകളുടെ കഴിവും മനസിലാക്കിയ സ്കൂളിലെ കായിക അധ്യാപകന് സജുകുമാര് പരിശീലനവും നല്കി.
സ്കൂള് അധികൃതരുടെയും നാട്ടുകാരുടെയും സഹകരണവും പ്രോല്സഹനവും കൂടി ആയതോടെ ആദിത്യ സബ് ജില്ലയിലും ഇവിടെനിന്നും ജില്ലയിലേക്കും സംസ്ഥാനതലം വരെ എത്തിയിരിക്കുകയാണ്. പിതാവിന്റെ വേര്പാടിന്റെ വേദന മാറുംമുമ്പേ കളിക്കളത്തിലെത്തി പൊരുതി നേടിയ വിജയം തന്നെ ദേശീയ തലത്തിൽവരെ മല്സരിക്കാന് പ്രാപ്തരാക്കിയ എല്ലാവർക്കും സമർപ്പിക്കുന്നതായി ആദിത്യ സുരേഷ് ദീപികയോട് പറഞ്ഞു.
എല്ലാവരോടും നന്ദിയെന്ന് മാതാവ് സംഗീത പറയുമ്പോള് ആദിത്യ രാജ്യത്തിനായി ഒളിംപിക്സില് മല്സരിച്ച് മെഡലുമായി വരുന്നതാണ് സ്വപ്നമെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. ഹാന്ഡ് ബോളില് കേരള ടീമിനെ പ്രതിനിധീകരിച്ച് ദേശീയ സ്കൂള് ഗെയിംസില് പങ്കെടുക്കാന് അവരം ലഭിച്ചതോടെ ആദിത്യക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്.
District News
പുൽപ്പള്ളി: നൂറുകണക്കിന് മനുഷ്യരെ ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങൾക്ക് തിന്നാനും ചവിട്ടിക്കൊലപ്പെടുത്താനും വിട്ടുനൽകിയതാണ് കഴിഞ്ഞ ഒൻപതര വർഷത്തെ പിണറായി സർക്കാരിന്റെ സംഭാവനയെന്ന് തൃണമൂൽ കോണ്ഗ്രസ് സംസ്ഥാന കണ്വീനർ പി.വി. അൻവർ.
ഈ സർക്കാർ ജനങ്ങളെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ വാർഷികങ്ങൾ കോടികൾ ചെലവഴിച്ച് ആഘോഷമാക്കുന്പോൾ ഈ നാട്ടിലെ പാവപ്പെട്ട കർഷകരടക്കമുള്ളവർക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃണമൂൽ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹന ജാഥയുടെ സമാപന സമ്മേളനം പുൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ, അബ്ദുൾ ഖാദർ മടക്കിമല, ഇ.സി. സനീഷ്, സി.പി. അഷ്റഫ്, ഹാരിസ് തോപ്പിൽ, വി.സി. സെബാസ്റ്റ്യൻ, ജോസഫ് ബത്തേരി, ബിജു പൂക്കൊന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, മുണ്ടക്കൈ, ചൂരൽമല പുനരധിവാസം ഉടൻനടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വാഹന ജാഥ നടത്തിയത്.
District News
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മഹിളാ കോണ്ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ഓഷിൻ ഹാളിൽ കണ്വൻഷൻ നടത്തി.സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, ടി. സിദ്ദിഖ് എംഎൽഎ, എഐസിസി അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെപിസിസി മെംബർ പി.പി. ആലി എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തരിയോട് ഗ്രാമപ്പഞ്ചായത്ത് വികസന സദസ്. തരിയോട് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി, അതിദാരിദ്ര നിർമാർജനം, മാലിന്യ സംസ്കരണം, വാതിൽപ്പടി മാലിന്യ ശേഖരണം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എൻഫോഴ്സ്മെന്റ് പരിശോധനകൾ എന്നിവ കൃത്യമായി പഞ്ചായത്തിൽ നടന്നുവരുന്നതായി വികസന സദസിൽ വിശദീകരിച്ചു. ഡിജി കേരളം, പാർശ്വവത്കരിക്കപ്പെട്ടവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലും ഗ്രാമപ്പഞ്ചായത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചു.
പഞ്ചായത്തിലെ അടിസ്ഥാനസൗകര്യ, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, റോഡ് നവീകരണം, കുടിവെള്ള പദ്ധതികൾ, നടപ്പാലം, കലുങ്കുകൾ, ഡ്രൈനേജുകൾ, തുടങ്ങിയ വികസന പ്രവൃത്തികൾക്കായി 1.54 കോടി രൂപ പഞ്ചായത്ത് ചെലവഴിച്ചു.
നെൽകൃഷി വികസനം, ഫലവൃക്ഷതൈ വിതരണം, നീറ്റുകക്ക വിതരണം, പച്ചക്കറി തൈ വിതരണം, കുരുമുളക് വികസനം, കമുകിൻ തൈ വിതരണം, വനിതകൾക്ക് പുഷ്പ കൃഷി തുടങ്ങിയ കാർഷിക ഉത്പാദന മേഖലയിലെ പദ്ധതികളിൽ നേട്ടം കൈവരിച്ചു. തരിയോട് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട് അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ, കെ.വി. ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്ങൽ, സിബിൽ എഡ്വാർഡ്, വത്സല നളിനാക്ഷൻ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സി.കെ. റസാഖ്, സി.ടി. നളിനാക്ഷൻ, രാധ മണിയൻ തുടങ്ങിയവർ പങ്കെടുത്തു.
District News
കൽപ്പറ്റ: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ തുറന്ന ഹാളിൽ രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ കളക്ടറും ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
രോഗികളുടെ സ്വകാര്യതയാണ് ലംഘിക്കപ്പെടുന്നത്. സ്ത്രീകൾ അടക്കമുള്ളവർക്ക് രോഗവിവരം ഡോക്ടറെ അറിയിക്കാൻ കഴിയുന്നില്ല. ഡോക്ടർമാർക്ക് മുറികളുണ്ടെങ്കിലും പരിശോധന ഹാളിലാക്കിയതിന്റെ കാരണം വ്യക്തമല്ല.
District News
കൽപ്പറ്റ: വികസന നേട്ടങ്ങൾ ചർച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് ഉമ്മൻചാണ്ടി സ്മാരക ഹാളിൽ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ഒരുക്കാൻ 7.16 കോടി രൂപവിനിയോഗിച്ചതായി വികസന സദസിൽ വിശദീകരിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ വണ്ടിയാന്പറ്റ മുതലടി ചെക്ക് ഡാം നിർമിച്ചത് സംസ്ഥാനത്തിന് മാതൃകയായ പ്രവർത്തനമായി സദസ് വിലയിരുത്തി. മാലിന്യ സംസ്കരണത്തിന് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് കോട്ടത്തറ.
തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമറോഡുകൾ, ചെക്ക് ഡാം, ഡ്രൈനേജ്, സോക്പിറ്റ് എന്നിവയുടെ നിർമാണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പാക്കി. പട്ടികജാതി-വർഗ മേഖലയിൽ വിദ്യാർഥികൾക്ക് സൈക്കിൾ, ലാപ്ടോപ്പ്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ഉന്നതികളെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, പൈതൃക കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചതായി വികസന സദസ് വിലയിരുത്തി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ വികസന സദസിൽ അധ്യക്ഷത വഹിച്ചു.
ജില്ലാപ്പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹണി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.കെ. വസന്ത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി.എസ്. അനുപമ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സംഗീത് സോമൻ, ജീന തങ്കച്ചൻ, പി. സുരേഷ്, ബിന്ദു മാധവൻ, പുഷ്പ സുന്ദരൻ, എം.കെ. മുരളിദാസൻ,
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, അസിസ്റ്റന്റ് സെക്രട്ടറി ടി.യു. പ്രിൻസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.സി. ദേവസ്യ, ആസൂത്രണ സമിതി അംഗങ്ങളായ മാണി ഫ്രാൻസിസ്, സജീഷ് കുമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, സിഡിഎസ് പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
District News
കൽപ്പറ്റ: കേരള കോഫി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് കാപ്പി കർഷകർക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ഡോളോമൈറ്റ് വിതരണം, കാപ്പിയുടെ ചില്ലതുരപ്പനെതിരേയുള്ള ട്രാപ്പുകളുടെ വിതരണം, ബയോഗ്യാസ് പ്ലാന്റ് നിർമാണം, സോളാർ പന്പ് ഉപയോഗിച്ചുള്ള ക്ലൈമറ്റ് സ്മാർട്ട് ജലസേചനം, മാതൃകാ ക്ലൈമറ്റ് സ്മാർട്ട് കോഫി ഫാമുകളുടെ സ്ഥാപനം, സ്പെഷാലിറ്റി കാപ്പി ഉത്പാദനവുമായി ബന്ധപ്പെട്ട് പാർച്മെന്റ്-ഫെർമന്റഡ് കോഫി യൂണിറ്റുകൾ സ്ഥാപിക്കൽ, കാപ്പിയുടെ ഗുണനിലവാര പരിശോധന, കാപ്പി ഉണങ്ങുന്നതിനായി ഊർജ ക്ഷമതയുള്ള ഡ്രയറുകൾ സ്ഥാപിക്കൽ, കാപ്പിയുടെ ഗുണനിലവാര പരിശോധന, സ്പ്രിങ്ക്ളർ/കണിക ജലസേചനം, യന്ത്രവൽക്കരണം തുടങ്ങിയ പദ്ധതികൾക്ക് അപേക്ഷിക്കാം.
കുറഞ്ഞത് 50 സെന്റ് സ്ഥലത്ത് കാപ്പി കൃഷി ചെയ്യുന്നവർക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും.താൽപര്യമുള്ള കാപ്പി കർഷകർ നവംബർ ഒന്നിന് മുന്പായി നിശ്ചിത ഫോറത്തിൽ അപേക്ഷയും അനുബന്ധ രേഖകളും ജില്ലയിലെ ക്ഷീര സഹകരണ സംഘത്തിലോ കൽപ്പറ്റ കിൻഫ്ര പാർക്കിലുള്ള കോഫി പ്രോജക്ട് ഓഫീസിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9847689757, 9567928948, 828983642 എന്നീ ഫോണ് നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് ഹെഡ് ജി. ബാലഗോപാൽ അറിയിച്ചു.
District News
കൽപ്പറ്റ: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെവ്കോ ഗോഡൗണിന് മുന്പിൽ ധർണ നടത്തി. അഡീഷണൽ അലവൻസ് പുനഃസ്ഥാപിക്കുക, ഡിഎ കുടിശിക അനുവദിക്കുക, ഗാലനേജ് ഫീ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കുക, ഷിഫ്റ്റ് സന്പ്രദായം പിൻവലിക്കുക, ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്നതിന് മറ്റു ഏജൻസികളെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി ഈനാശു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. പ്രഹ്ലാദൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി മേഖല പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സുനിൽ, എം. ടീന ജോണ്, ജില്ലാ സെക്രട്ടറി വി.ജി. അനീഷ്,വൈസ് പ്രസിഡന്റ് ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇഞ്ചി, നെല്ല്, കമുക് തുടങ്ങിയ വിളകളിൽ കണ്ടുവരുന്ന രോഗങ്ങൾ പരിശോധിച്ച് അവയ്ക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താനും കർഷകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും ജില്ലാ പഞ്ചായത്ത് കോണ്ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ കാർഷിക വികസന സമിതി യോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പോരായ്മകളെക്കുറിച്ച് പരിശോധന നടത്തണമെന്നും കർഷകർക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടക്കൈചൂരൽമല ദുരന്ത ബാധിത പ്രദേശത്തെ കാർഷിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് സംഷാദ് മരക്കാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
കാർഷിക മേഖലയിലെ അടിസ്ഥാനതലം മുതലുള്ള എല്ലാ പ്രശ്നങ്ങളും വിശദമായി പരിശോധിച്ച് പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തണമെന്നും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉപയോഗശൂന്യമായ കൃഷിഭൂമിയുടെ കണക്ക് അടിയന്തരമായി ശേഖരിക്കാനും അവിടങ്ങളിൽ നിന്ന് അവശിഷ്ടം നീക്കം ചെയ്ത് വീണ്ടും കൃഷിയോഗ്യമാക്കി കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം ആവശ്യപ്പെട്ടു.
കേര പദ്ധതിയിൽ കാപ്പി കൃഷി വർധന ഘടകം ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചതായി സമിതി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസണ് ഉഷ തന്പി, എഡിഎം കെ. ദേവകി, പ്രിൻസിപ്പൽ കൃഷി ഓഫീസറും ജില്ലാ കാർഷിക വികസന സമിതി കണ്വീനറുമായ രാജി വർഗീസ്, കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജില്ലാ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
District News
കൽപ്പറ്റ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് നടക്കും. കോണ്ഗ്രസിലെ പി. വിനോദ് കുമാറായിരിക്കും യുഡിഎഫ് സ്ഥാനാർഥി. മടിയൂർ ഡിവിഷനിൽനിന്നുള്ള കൗണ്സിലറാണ് ഇദ്ദേഹം. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് വിനോദ്കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
എൽഡിഎഫ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. കോണ്ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച
ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഡിസിസി പ്രസിഡന്റായി എഐസിസി നിയോഗിച്ചതിനു പിന്നാലെയായിരുന്നു ഐസക്കിന്റെ രാജി. 28 ഡിവിഷനുകളുള്ള നഗരസഭയിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിനു 13ഉം കൗണ്സിലർമാരുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനു ഒന്പതും കോണ്ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. മുസ്ലിം ലീഗിലെ ഓടന്പത്ത് സരോജിനിയാണ് മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്. ആക്ടിംഗ് ചെയർപേഴ്സണായി പ്രവർത്തിച്ചുവരികയാണ് ഇവർ.
2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മുസ്ലിം ലീഗിലെ കെയെംതൊടി മുജീബും കോണ്ഗ്രസിലെ കെ. അജിതയുമാണ് യഥാക്രമം നഗരസഭയുടെ ചെയർമാനും വൈസ് ചെയർപേഴ്സണുമായത്. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ 2024 ജനുവരിയിൽ രാജിവച്ച മുറയ്ക്കാണ് ഐസക്കും സരോജിനിയും പദവികളിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണ് നഗരസഭയുടെ സാരഥ്യത്തിൽ പുതിയ ആൾ എത്തുന്നത്.
District News
മക്കരപ്പറമ്പ് : മക്കരപ്പറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ഫെസ്റ്റ് നടത്തി. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് റോബോട്ടിക് സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ബ്രഡ് ബോർഡ്, പിക്റ്റോ ബ്ലോക്സ്, ആർഡിനോയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എൽഇഡി ബൾബ് പ്രകാശിപ്പിക്കൽ, ബസർ പ്രവർത്തിപ്പിക്കൽ എന്നിവ പരിശീലനം നൽകി.
പ്രധാനാധ്യാപകൻ ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ പി.പുരുഷോത്തമൻ, ലിറ്റിൽ കൈറ്റ് കോ ഓർഡിനേറ്റർ പി.വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
District News
പെരിന്തൽമണ്ണ:പെരിന്തൽമണ്ണ നഗരസഭയെ അതിദാരിദ്യ്രമുക്ത നഗരമായി നഗരസഭാ അധ്യക്ഷൻ പി. ഷാജി പ്രഖ്യാപിച്ചു. സർക്കാർ നടപ്പാക്കുന്ന അതിദാരിദ്യ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 106 അതിദാരിദ്യ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ഓരോരുത്തരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ പ്രത്യേക ഇടപെടലുകൾ ആരംഭിച്ചു. സംസ്ഥാനതല അതിദാരിദ്യ്രമുക്ത പ്രഖ്യാപനം നവംബർ ഒന്നിന് നടക്കും. അതിന് മുന്നോടിയായി നഗരസഭാ തലത്തിൽ നടപ്പാക്കുന്ന പ്രഖ്യാപനം പെരിന്തൽമണ്ണയെ സാമൂഹിക ഉത്തരവാദിത്വത്തിലും മനുഷ്യസൗഹൃദ പ്രവർത്തനങ്ങളിലും മുന്നിൽ നിർത്തുന്നതായി ചെയർമാൻ പറഞ്ഞു.
വീടില്ലാത്തവർക്ക് ഭവനസഹായം, തൊഴിൽരഹിതർക്ക് തൊഴിൽ, വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനം പുനരാരംഭിക്കാനുള്ള പിന്തുണ, രോഗബാധിതർക്ക് ചികിത്സാസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പ്രഖ്യാപന ചടങ്ങിൽ വൈസ് ചെയർപേഴ്സണ് എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗണ്സിലർമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, സിഡിഎസ് ചെയർപേഴ്സണ് പി. സീനത്ത്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
District News
നിലമ്പൂർ:നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സംസ്ഥാന കായകൽപ് അവാർഡ് സമ്മാനിച്ചു. മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട്് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. പ്രവീണ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 2024 - 25 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം,
2023 - 24 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം, 2022 - 23 കായകൽപ് അവാർഡ് കമെന്റേഷൻ അവാർഡുകളാണ് മന്ത്രിയിൽ നിന്ന് ജില്ലാ ആശുപത്രി അധികൃതർ ഏറ്റുവാങ്ങിയത്. മന്ത്രി എം.ബി. രാജേഷ്, മലപ്പുറം ഡിഎംഒ ഡോ. ആർ. രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും സേവന ലഭ്യതയിലും മികച്ച മുന്നേറ്റമുണ്ടാക്കിയതാണ് നിലന്പൂർ ജില്ലാ ആശുപത്രിയെ കായകൽപ് പുരസ്കരാത്തിന് അർഹമാക്കിയത്.
സംസ്ഥാനത്തെ ജില്ലാ, ജനറൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിൽ 92 ശതമാനം മാർക്ക് നേടിയാണ് ഈവർഷം നിലന്പൂർ ജില്ലാആശുപത്രിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.കഴിഞ്ഞ വർഷം 88.21 പോയിന്റ് നേടിയും നിലമ്പൂർ ജില്ലാ ആശുപത്രി രണ്ടാം സ്ഥാനം നേടിയിരുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രതിദിനം 2000-2500 പേർ വരെ ഒപിയിലെത്തുന്നുണ്ട്. 142 കിടക്കകളുടെ സൗകര്യമാണുള്ളതെങ്കിലും 220 പേർക്ക് കിടത്തിച്ചികിത്സ നൽകുന്നുണ്ട്. പ്രതിമാസം 200ലേറെ പ്രസവവും നടക്കുന്നു. 89 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു.
ഒരേ സമയം 16 പേർക്ക് സേവനം ലഭിക്കും. പ്രതിദിനം നാല് ഷിഫ്റ്റുകളിലായി 40 രോഗികളെയാണ് സൗജന്യമായി ഡയാലിസിസിന് വിധേയമാക്കുന്നത്. സ്ട്രോക്ക് യൂണിറ്റ്, കാർഡിയാക് യൂണിറ്റ്, മെഡിക്കൽ ഐസിയു, ജെറിയാട്രിക് വാർഡ്, ബ്ലഡ് ബാങ്ക്, വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സേവനവും നിലന്പൂർ ജില്ലാ ആശുപത്രിയിലുണ്ട്.
District News
നിലമ്പൂർ: നിലമ്പൂർ നഗരസഭ കഐൻജി റോഡിനോട് ചേർന്ന് കരിന്പുഴയിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം പ്രവർത്തനസജ്ജമായി. നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.വഴിയാത്രക്കാർക്ക് യാത്രക്കിടയിൽ വിശ്രമിക്കാനൊരിടം എന്ന നിലയിലാണ് സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ച് പദ്ധതി തുടങ്ങിയത്. നിലന്പൂർ നഗരസഭയും ചുങ്കത്തറ പഞ്ചായത്തും അതിർത്തി പങ്കിടുന്ന കരിന്പുഴയുടെ തീരത്താണ് കെട്ടിടം നിർമിച്ചത്. കരിന്പുഴയുടെ ഒരു വശം ടൂറിസം വകുപ്പിന്റെ
കെടിഡിസി ഹോട്ടലാണ്. വിനോദ സഞ്ചാരികളുൾപ്പെടെയുള്ള നിരവധി പേരാണ് ഇവിടെ എത്തുന്നത്. പുഴയുടെ മറുഭാഗത്ത് നിർമിച്ച് ’ടേക്ക് എ ബ്രേക്ക്’ വിശ്രമ കേന്ദ്രവും സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.
യാത്രക്കാരുടെ വിശ്രമമാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്.
കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നതിനുള്ള സൗകര്യം, കഫ്റ്റേരിയ, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ഡോർമെറ്ററി സൗകര്യം, ശുചിമുറി, മിനിഹാൾ തുടങ്ങിയവയാണ് കരിന്പുഴയിലെ കേന്ദ്രത്തിലുള്ളത്. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ അരുമജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ യു.കെ. ബിന്ദു,
പി.എം. ബഷീർ, കൗണ്സിലർമാരായ എം. ഗോപാലകൃഷ്ണൻ, ശബരീശൻ പൊറ്റക്കാട്, രവീന്ദ്രൻ, കുഞ്ഞുട്ടിമാൻ, എം.ടി. അഷ്റഫ്, അടുക്കത്ത് സുബൈദ, റനീഷ് കുപ്പായി, ഖൈറുന്നിസ തുടങ്ങിയവർ സംബന്ധിച്ചു.
District News
എടപ്പാൾ: മാണൂരിൽ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു.കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ എടപ്പാൾ മാണൂരിൽ ഇന്നലെ പുലർച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. മാണൂർ സ്വദേശിയായ ഷെബീറിനാണ് പരിക്കേറ്റത്.
ഇയാളെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പു. എടപ്പാൾ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോയിരുന്ന കാറിൽ കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.പൊന്നാനി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
District News
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ് പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ സന്ദേശം, തദ്ദേശ വകുപ്പ് മന്ത്രിയുടെ സന്ദേശം എന്നിവ സദസിൽ അവതരിപ്പിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ പെരിന്തൽമണ്ണ നഗരസഭ സിസിഎം സി.കെ. വത്സനും ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാറും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഭരണ സമിതി അംഗമായ വി.പി. മുഹമ്മദ് ഹനീഫ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, സെക്രട്ടറി ആർച്ച എ. നായർ എന്നിവർ പ്രസംഗിച്ചു.
ഭാവി വികസനത്തിനുള്ള ആശയങ്ങളും നിർദേശങ്ങളും ജനങ്ങളുടെ അഭിപ്രായങ്ങളും സദസിൽ രേഖപ്പെടുത്തി. ഹരിതകർമ സേനാംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, ലില്ലിക്കുട്ടി, കെ. ഹസീന, സി. മുഹമ്മദാലി, എൻ.പി. റാബിയ, ടി. സിനിജ, പി.ടി. പ്രമീള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹംസ പാലൂർ, ഭൂട്ടോ ഉമ്മർ, വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
District News
കോട്ടക്കൽ: മുപ്പത്തിയാറാമത് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കോട്ടൂർ എകഐംഎച്ച്എസിൽ തുടക്കമായി. കൈവിരുതിന്റെയും പുത്തൻ കണ്ടെത്തലുകളുടെയും ജാലകം തുറന്നിട്ട ശാസ്ത്രോത്സവം മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. നാളെ സമാപിക്കും. 17 ഉപജില്ലകളിൽ നിന്ന് പതിനായിരത്തിലധികം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രമേളയുടെ ഒന്നാം ദിനം സമാപിച്ചപ്പോൾ 294 പോയിന്റുമായി വേങ്ങര ഉപജില്ലയാണ് മുന്നിൽ.
273 പോയിന്റുമായി തിരൂർ ഉപജില്ല രണ്ടാം സ്ഥാനത്താണ്. 272 പോയിന്റുമായി കൊണ്ടോട്ടി മൂന്നാം സ്ഥാനത്തുണ്ട്. മഞ്ചേരി, നിലന്പൂർ ഉപജില്ലകൾ യഥാക്രമം 271, 270 പോയിന്റുകളോടെ നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. സ്കൂളുകളിൽ 102 പോയിന്റുമായി കഐച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ ഒന്നാമതാണ്. 100 പോയിന്റുമായി എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി രണ്ടാം സ്ഥാനത്തും 94 പോയിന്റുമായി പിപിഎം എച്ച്എസ്എസ് കൊട്ടൂക്കര മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
പിപിടിഎംവൈഎച്ച്എസ്എസ് ചേറൂർ,
സിഎച്ച്എസ്എസ് അടക്കക്കുണ്ട് സ്കൂളുകൾ യഥാക്രമം 86, 85 പോയിന്റുകളുമായി നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. വിഎച്ച്എസ്ഇ വിഭാഗം കുറ്റിപ്പുറം മേഖല സ്കിൽ ഫെസ്റ്റിവലിൽ പഠനപ്രക്രിയയുടെ ഭാഗമായും അല്ലാതെയും ആർജിച്ചെടുത്ത വൈവിധ്യമായ തൊഴിൽ നൈപുണികളുടെ പ്രദർശനവും മത്സരവുമാണ് നടക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ 52 സ്കൂളുകൾ സ്കിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രോത്സവ് ഉദ്ഘാടനം ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി നിർവഹിച്ചു. കോട്ടക്കൽ നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവ ലോഗോ രൂപകൽപന ചെയ്ത എ.കെ. സബീഹക്ക് സ്കൂൾ മാനേജർ ഇബ്രാഹിംഹാജി ഉപഹാര സമർപ്പണം നടത്തി. നഗരസഭാ കൗണ്സിലർമാരായ ഇ റഫീഖ്, പി.ടി. അബ്ദു, ഡിഡിഇ പി.വി. റഫീഖ്, മലപ്പുറം ആർഡിസി ബിയാട്രിസ് മരിയ പി. എക്സ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബാബു വർഗീസ്, ഡിപിസി. പി അബ്ദുസലീം,
കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് ഷരീഫ്, വിദ്യാകിരണം കോ-ഓർഡിനേറ്റർ സുരേഷ് കൊളശേരി, ഡിഇഒ കെ. ശ്രീജ, എഇഒമാരായ സി. സന്തോഷ് കുമാർ, ജോസ്മി ജോസഫ്, പി. ഇഫ്ത്തിഖാറുദ്ദീൻ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാധ്യാപിക കെ.കെ. സൈബുന്നീസ, പി.വി. ഷാഹിന, എം. മുഹമ്മദ് ഹനീഫ, കെ. സുധീഷ് കുമാർ, പി.പി. യൂസുഫ് എന്നിവർ സംബന്ധിച്ചു.
District News
പേരാമ്പ്ര: ആരോഗ്യ മേഖലയിലെ മികച്ച പ്രവര്ത്തനങ്ങള്ക്കുള്ള 2022-23 വര്ഷത്തെ സംസ്ഥാന സര്ക്കാരിന്റെ ആര്ദ്രകേരളം പുരസ്കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരമാണ് പേരാമ്പ്ര നേടിയത്.
തിരുവനന്തപുരത്തു നടന്ന ചടങ്ങില് മന്ത്രി വീണാ ജോര്ജില് നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്.പി. ബാബു ഉപഹാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ശശികുമാര് പേരാമ്പ്ര, സ്റ്റാന്ഡിങ് കമ്മിറ്റി അംഗം പി.ടി. അഷറഫ്, മെഡിക്കല് ഓഫീസര് ഡോ. ദിവ്യ എന്നിവരും അവാര്ഡ് ഏറ്റു വാങ്ങുന്ന സംഘത്തില് ഉണ്ടായിരുന്നു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേഖലയില് നടപ്പിലാക്കിയ വിവിധോദ്ദേശ്യ പദ്ധതികളാണ് അവാര്ഡിന് പരിഗണിച്ചത്. പത്ത് ലക്ഷം രൂപയാണ് അവാര്ഡ് തുക. ആരോഗ്യമേഖലയില് നടപ്പാക്കിയ വിവിധ പദ്ധതികളാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ അവാര്ഡിന് അര്ഹമാക്കിയത്.
District News
കൂരാച്ചുണ്ട്: സംസ്ഥാന സ്കൂള് ഒളിമ്പിക്സില് വ്യക്തിഗത ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കി നാടിന് അഭിമാനമായ കുളത്തുവയല് സെന്റ് ജോര്ജ് ഹയര്സെക്കന്ഡറി സ്കൂള് വിദ്യാര്ഥിനി അല്ക്ക ഷിനോജിനെ യൂത്ത് കോണ്ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് അനുമോദിച്ചു.
സബ് ജൂനിയര് ഗേള്സ് വിഭാഗത്തില് രണ്ടു സ്വര്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് അല്ക്ക നാടിന്റെ അഭിമാനമായി മാറിയത്. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്സി തോമസ് ഉപഹാരം കൈമാറി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ടി.എന്.അനീഷ്, ജെറിന് കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കല്, ജ്യോതിഷ് രാരപ്പന്കണ്ടി, ജാക്സ് കരിമ്പനക്കുഴി, ഷാരോണ് ചാലിക്കോട്ടയില് എന്നിവര് പ്രസംഗിച്ചു.
District News
കോഴിക്കോട്: ദേശീയപാതാ ബൈപാസ് സര്വ്വീസ് റോഡില് നന്തിബസാര് ഇരുപതാം മൈലിലെ തകര്ന്ന സ്ലാബില് യാത്രക്കാര് വീണ് അപകടപരമ്പരകള് സംഭവിക്കുന്ന സാഹചര്യത്തില് മനുഷ്യജീവന് രക്ഷിക്കാന് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ്.
ജില്ലാ കളക്ടറും എന്.എച്ച്.എ.ഐ. പ്രോജക്റ്റ് ഡയക്ടറും ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കമ്മീഷന് സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി. റോഡിലെ കുഴിയില് യാത്രക്കാരും വാഹനങ്ങളും വീഴുന്നത് പതിവാണ്.
സര്വീസ് റോഡിനോട് ചേര്ന്നുള്ള ഓടയുടെ സ്ലാബ് തകര്ന്നു കിടപ്പാണ്. സ്ലാബ് തകര്ന്നതറിയാതെയാണ് വെള്ളക്കെട്ടുള്ള സ്ഥലത്ത് യാത്രക്കാര് ഓടയിലേക്ക് വീഴുന്നത്. ഒമ്പത് ദിവസത്തിനകം അഞ്ച് അപകടങ്ങളാണ് ഇവിടെയുണ്ടായത്.
സ്ലാബ് നന്നാക്കാനോ വെള്ളക്കെട്ട് ഒഴിവാക്കാനോ അധികൃതര് നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്ഡ് പോലുമില്ലെന്ന് പറയുന്നു .
District News
കോഴിക്കോട്: പോലീസില് ക്രിമിനല് ഗുണ്ടാ സംഘത്തെ വളര്ത്താന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണെന്നും ഷാഫി പറമ്പില് എം.പിയെ ലാത്തി കൊണ്ട് മൂക്ക് അടിച്ചു തകര്ത്ത സി.ഐ. അഭിലാഷ് ഡേവിഡിനെ സര്ക്കാര് സംരക്ഷിക്കുകയാണെന്നും മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര് എംപി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
മഹിള കോണ്ഗ്രസിന്റെ ഞങ്ങള് തയ്യാര് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്. അഭിലാഷ് ഡേവിഡിനെതിരെ പരാതി ഉന്നയിച്ചിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. പൊതു പ്രവര്ത്തകരെയും ജനപ്രതിനിധികളെയും അടിച്ചൊതുക്കാനുള്ള ലൈസന്സ് പോലീസിന് പിണറായി നല്കിയിരിക്കുകയാണ്. ക്രിമിനല് ഗുണ്ടാ സംഘങ്ങളുമായി നിരന്തരം ബന്ധമുള്ള അഭിലാഷിനെ രണ്ടു വര്ഷം മുമ്പ് സേനയില് നിന്ന് പിരിച്ചു വിടാന് ഉത്തരവായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടയുകയായിരുന്നു. മുഖ്യമന്ത്രിക്ക് ക്രിമിനലുകളുമായുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നതെന്നും അവര് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ് കുമാര്, കെപിസിസി ജനറല് സെക്രട്ടറി വിദ്യ ബാലകൃഷ്ണന്, രാധ ഹരിദാസ്, സന്ധ്യ കരണ്ടോട്, ബേബി പയ്യാനക്കല്, ബിന്ദു കൃഷ്ണ, ബാബു ഒഞ്ചിയം, എന്. ഷറില് ബാബു, തങ്കമണി, ചിന്നമ്മ എന്നിവര് പ്രസംഗിച്ചു.